ഇൻസ്റ്റ​ഗ്രാം വഴി അസഭ്യം; നടൻ ടൊവീനോയുടെ പരാതിയിൽ കേസെടുത്തു

12:44 PM Aug 13, 2023 | Deepika.com
കൊച്ചി: നടൻ ടൊവീനോ തോമസിനെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. ടൊവീനോ തന്നെ നൽകിയ പരാതിയിൽ എറണാകുളം പനങ്ങാട് പോലീസാണ് കേസെ‌ടുത്തത്.

ഫോട്ടോ-വീഡിയോ ഷെയറിം​ഗ് പ്ലാറ്റ്ഫോമായ ഇൻസ്റ്റ​ഗ്രാമിലൂടെയാണ് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതെന്ന് താരം പരാതിയിൽ പറയുന്നു. ഡിസിപിക്ക് നൽകിയ പരാതിയിൽ ഇത്തരം പോസ്റ്റുകളുടെ ലിങ്കും ഉൾപ്പെടുത്തിയിട്ടുണ്ട്.

പരാതി ലഭിച്ചതിന് പിന്നാലെ ഡിസിപി പനങ്ങാട് പോലീസിന് ഇത് കൈമാറി. പിന്നാലെ ശനിയാഴ്ച രാത്രി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

സമൂഹ മാധ്യമ പോസ്റ്റുകളിലൂടെ അസഭ്യം പറയുകയും ചെയ്തിട്ടുണ്ടെന്ന് ടൊവീനോ പരാതിയിൽ വ്യക്തമാക്കി. കേസിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.