500 രൂപ വരെയുള്ള പിൻ രഹിത യുപിഐ ലൈറ്റ് ഇടപാ‌ട്; ഡിജിറ്റൽ പേയ്മെന്‍റുകളുടെ എണ്ണം വർധിച്ചേക്കും

12:35 PM Aug 12, 2023 | Deepika.com
ന്യൂഡൽഹി: യുപിഐ ലൈറ്റ് വഴി നടത്തുന്ന പിൻ രഹിത പണമിടപാടിന്‍റെ പരിധി 200 രൂപയിൽ നിന്നും 500 രൂപയാക്കിയതോടെ രാജ്യത്തെ ഡിജിറ്റൽ പേയ്മെന്‍റ് ഉപഭോക്താക്കളുടെ എണ്ണം ഇനിയും വർധിച്ചേക്കും.

വ്യാഴാഴ്ച ആർബിഐ പണനയ സമിതി യോ​ഗത്തിലെ തീരുമാനങ്ങൾ പ്രഖ്യാപിക്കവേയാണ് ​​പരിധി വർധിപ്പിക്കുന്ന വിവരം ഗവർണർ ശക്തികാന്തദാസ് അറിയിച്ചത്. ബാങ്ക് അക്കൗണ്ടിൽ നിന്നും യുപിഐ ലൈറ്റ് വാലറ്റിലേക്ക് പണം നിക്ഷേപിച്ച ശേഷം ഇടപാട് നടത്താം.

ഇത്തരത്തിൽ പരമാവധി 2,000 രൂപ വരെയാണ് യുപിഐ ലൈറ്റ് വാലറ്റിൽ സൂക്ഷിക്കാൻ സാധിക്കുക. പേയ്മെന്‍റ് ആപ്പുകളായ ​ഗൂ​ഗിൾ പേ, ഫോൺ പേ, പേടിഎം എന്നിവയിലും യുപിഐ ലൈറ്റ് ഉപയോ​ഗിച്ചുള്ള ഇടപാടുകൾ നടത്താൻ സാധിക്കും.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ആർബിഐയും നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ചേർന്ന് ‌യുപിഐ ലൈറ്റ് അവതരിപ്പിച്ചത്. കുറഞ്ഞ തുകയുടെ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.

യുപിഐ ലൈറ്റ് വന്നതിന് പിന്നാലെ രാജ്യത്തെ ഡിജിറ്റൽ പേയ്മെന്‍റുകളുടെ എണ്ണം വർധിച്ചിരുന്നു. യുപിഐ ലൈറ്റ് വളരെ ലളിതമായി തന്നെ ആക്ടിവേറ്റ് ചെയ്യാം എന്നതാണ് പ്രത്യേകത.

ഇന്‍റർനെറ്റ് ഇല്ലാതെയും യുപിഐ സംവിധാനം ഉപയോ​ഗിക്കാനുള്ള സംവിധാനവും ആർബിഐ കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നു. എഐ ഉൾപ്പടെ സജ്ജീകരിച്ച കോൺസർവേഷൻ പേയ്മെന്‍റ് സംവിധാനം വൈകാതെ എത്തിക്കുമെന്നും ആർബിഐ പ്രഖ്യാപിച്ചിരുന്നു.