"ജെയ്ക്കിന് ഹാട്രിക് കിട്ടും, അപ്പനോടും മകനോടും തോറ്റു എന്ന പേരുമുണ്ടാകും'

12:34 PM Aug 12, 2023 | Deepika.com
തിരുവനന്തപുരം: ജെയ്ക് സി. തോമസിനെ പരിഹസിച്ച് കെ. മുരളീധരൻ എംപി. പുതുപ്പള്ളിയിലെ തോൽവിയിൽ ജെയ്ക് ഇത്തവണ ഹാട്രിക് നേടും. അപ്പനോടും മകനോടും തോറ്റു എന്ന പേരും അദ്ദേഹത്തിന് ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായും മുരളീധരൻ പരിഹസിച്ചു.

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്‍റെ വിജയം ഉറപ്പാണ്. സിപിഎം നടത്തുന്നത് തറ പ്രചരണം മാത്രം. ഉമ്മൻ ചാണ്ടിക്ക് എല്ലാ ചികിത്സയും കുടുംബം നൽകിയിരുന്നു. ഇടതുമുന്നണിക്ക് നേട്ടങ്ങൾ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് തറയായ കാര്യങ്ങൾ പറയുന്നതെന്നും മുരളീധരൻ പറഞ്ഞു.

മാസപ്പടി വിവാദത്തിൽ യുഡിഎഫ് പ്രതികരിക്കാത്തതിനെയും അദ്ദേഹം ന്യായീകരിച്ചു. വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം മറുപടി പറയേണ്ടതില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും പണം സ്വീകരിക്കാറുണ്ട്. കാള പെറ്റു എന്ന് കേട്ടാൽ കയറെടുക്കുന്ന പരിപാടി കോൺഗ്രസിനില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.