ഭര്‍ത്താവുമായി അവിഹിതമെന്ന് സംശയം; സഹോദരിയെ വെടിയുതിര്‍ത്ത് യുവതി

05:31 PM Aug 10, 2023 | Deepika.com
ന്യൂഡല്‍ഹി: ഭര്‍ത്താവുമായി അവിഹിതമുണ്ടെന്ന സംശയത്തിന് പിന്നാലെ അനുജത്തിയുടെ മുഖത്തേക്ക് വെടിയുതിര്‍ത്ത 30കാരി പിടിയില്‍. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കിനടുത്ത് ബുലന്ദ് മസ്ജിദ് ഏരിയയിലാണ് സംഭവം.

ഭര്‍ത്താവുമായി അനുജത്തി സുമൈലയ്ക്ക് രഹസ്യബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന സോനു എന്ന യുവതി സുമൈലയുടെ മുഖത്തേക്ക് വെടിവെക്കുകയും തോക്കിന്‍റെ പിടി ഉപയോഗിച്ച് തലയില്‍ ഇടിക്കുകയുമായിരുന്നു.

ബുധനാഴ്ച വൈകിട്ടാണ് 20 വയസുള്ള അനുജത്തിയെ സോനു ആക്രമിച്ചത്. പെല്ലറ്റ് ഉപയോഗിക്കുന്ന തോക്കാണ് യുവതി ഉപയോഗിച്ചതെന്നാണ് സൂചന. സാധാരണ സമാനമായ കേസുകളില്‍ പ്രതികള്‍ ഉപയോഗിക്കുന്നത് എയര്‍ ഗണ്ണുകളാണ്.

ഈ സംഭവത്തില്‍ എയര്‍ ഗണ്ണാണോ യുവതി ഉപയോഗിച്ചത് എന്നതില്‍ ഇനിയും വ്യക്തത വരാനുണ്ട്. സഹോദരി ആക്രമിച്ചതിന് പിന്നാലെ സുമൈല പോലീസില്‍ പരാതിപ്പെടുകയും തുടര്‍ന്ന് സോനുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.