ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്കുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് കേന്ദ്ര നിയമമന്ത്രി അര്ജുന് റാം മേഘ്വാള് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.
പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ ബില്ലില്‍ ചര്‍ച്ച നടന്നില്ല. സ്പീക്കറുടെ ചേമ്പറിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെയും കമ്മീഷണര്‍മാരെയും ശിപാര്‍ശ ചെയ്യാനുള്ള സമിതിയില്‍നിന്ന് ചീഫ് ജസ്റ്റീസിനെ ഒഴിവാക്കണമെന്നാണ് പുതിയ ബില്ലിലെ നിര്‍ദേശം. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ പേര് ശിപാര്‍ശ ചെയ്യേണ്ടത് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റീസ് എന്നിവരടങ്ങുന്ന സ്വതന്ത്രസമിതിയാണെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് ഒരുങ്ങുന്നത്.
പ്രധാനമന്ത്രി അധ്യക്ഷനായ മൂന്നംഗ സമിതി നിയമന ശിപാര്‍ശ നല്‍കണമെന്നാണ് പുതിയ ബില്ലിലെ നിര്‍ദേശം. പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി ശിപാര്‍ശ ചെയ്യുന്ന മന്ത്രി എന്നിവരാകും സമിതിയിലെ അംഗങ്ങള്‍.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം; പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു
03:49 PM Aug 10, 2023 | Deepika.com