നിങ്ങളുടെ സ്വകാര്യവിവരങ്ങള്‍ വെബ് സെര്‍ച്ച് റിസള്‍ട്ടില്‍ നിന്നും നീക്കാം, പുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍

01:17 PM Aug 04, 2023 | Deepika.com
ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള സ്വകാര്യ വിവരങ്ങള്‍ വെബ് സെര്‍ച്ചില്‍ വരുന്നതിന് തടിയിടാന്‍ പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍.

കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ അവതരിപ്പിച്ച "റിസള്‍ട്ട്‌സ് എബൗട്ട് യൂ' ഫീച്ചറിനൊപ്പമാണ് സ്വകാര്യ വിവരങ്ങള്‍ നീക്കം ചെയ്യാന്‍ അനുവദിക്കുന്ന ഓപ്ഷനും ഉള്‍പ്പെടുത്തുന്നത്.

ആദ്യഘട്ടത്തില്‍ യുഎസിലുളള ഉപയോക്താക്കള്‍ക്കാകും ഓപ്ഷന്‍ ലഭിക്കുക എന്നും വരും മാസങ്ങളില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഇത് ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഗൂഗിള്‍ സെര്‍ച്ചില്‍ ഉപയോക്താവിന്‍റെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം, ഇ-മെയില്‍ ഐഡി എന്നിവ വന്നാല്‍ ഇത് സംബന്ധിച്ച "പേഴ്‌സണല്‍ നോട്ടിഫിക്കേഷന്‍' ലഭ്യമാകും.

ഇതുപയോഗിച്ച് ഇത്തരം വിവരങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ചില്‍ നിന്നും നീക്കം ചെയ്യാനുളള റിക്വസ്റ്റ് നല്‍കാനാവും.

ഗൂഗിളില്‍ സ്വയം പരിശോധിച്ച് നോക്കാന്‍ മറന്നു പോകുന്ന ഉപയോക്താക്കള്‍ക്ക് സ്വകാര്യവിവരങ്ങള്‍ "പരസ്യമായ' കാര്യം കമ്പനി അറിയിക്കുമെന്ന് ചുരുക്കം.

വെബ് സെര്‍ച്ച് റിസള്‍ട്ടുകളില്‍ സ്വകാര്യവിവരങ്ങളടക്കം വരുന്നു എന്ന പരാതി വ്യാപകമായതിന് പിന്നാലെ "പ്രൈവസി സെറ്റിംഗ്‌സ്' മികവുറ്റതാക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍.

ഉപഭോക്താവ് തന്നെ സ്വന്തം വിവരങ്ങള്‍ ഗൂഗിള്‍ ഡാഷ്‌ബോര്‍ഡില്‍ സെര്‍ച്ച് ചെയ്യുന്നത് വഴിയും ഏതൊക്കെ വെബ്‌സൈറ്റുകളില്‍ ഇവ പങ്കുവെക്കപ്പെട്ടിട്ടുണ്ട് എന്നതടക്കമുളള വിവരങ്ങള്‍ ലഭ്യമാകും. പുതിയ ഓപ്ഷന്‍ വരുന്നതോടെ ഇവ നീക്കം ചെയ്യാന്‍ ഉപയോക്താവിന് അപേക്ഷ നല്‍കാം.

ഓപ്ഷന്‍ എങ്ങനെ ഉപയോഗപ്പെടുത്താം ?

ഗൂഗിള്‍ ആപ്പ് തുറന്ന് പ്രൊഫയല്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ റിസള്‍ട്ടസ് എബൗട്ട് യു എന്ന ഓപ്ഷന്‍ ലഭ്യമാകും (നിലവില്‍ യുഎസ് മാര്‍ക്കറ്റില്‍, വൈകാതെ ഇന്ത്യയിലടക്കം വിവിധ ഭാഷകളില്‍ എത്തും).

ശേഷം അനുബന്ധ ഓപ്ഷനുകളിലൂടെ വെബ് സെര്‍ച്ചില്‍ വന്ന നിങ്ങളുടെ വിവരങ്ങള്‍ നീക്കം ചെയ്യാന്‍ അപേക്ഷ സമര്‍പ്പിക്കാം.

നിലവില്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് "യുവര്‍ ഡാറ്റാ ഇന്‍ സെര്‍ച്ച്' എന്ന ഓപ്ഷന്‍ ഉണ്ടെങ്കിലും അത് ബ്രൗസിംഗ് ഹിസ്റ്ററിയും അതില്‍ ഉപയോക്താവിന്‍റെ പേരോ മറ്റ് വിവരങ്ങളോ സെര്‍ച്ച് കീവേര്‍ഡായി നല്‍കിയിട്ടുണ്ടോ എന്ന വിവരമാണ് കാണിക്കുന്നത്.

റിസള്‍ട്ട്‌സ് എബൗട്ട് യു എന്ന പുതിയ ഫീച്ചര്‍ ഇതിനൊപ്പം തന്നെയാകും വൈകാതെ ഉള്‍പ്പെടുത്തുക.