തലയോലപ്പറന്പ്: ഓട്ടത്തിനിടെ അജ്ഞാതൻ ശബരി എക്സ്പ്രസ് ട്രെയിനിന്റെ ചെയിൻ വലിച്ചതിനെത്തുടർന്ന് ഒന്നര മണിക്കൂർ ട്രെയിൻ പാളത്തിൽ കുടുങ്ങി.ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നിനു പിറവം റോഡ് റെയിൽവേ സ്റ്റേഷനും വൈക്കം റോഡ് റെയിൽവേ സ്റ്റേഷനും ഇടയിൽ കല്ലുങ്കൽ ഭാഗത്താണു സംഭവം.
ഓട്ടത്തിലായിരുന്ന ട്രെയിന്റെ ചെയിൻ വലിച്ചതിനെത്തുടർന്ന് ഐസുലേറ്റർ തകരാറിലായതാണു പാളത്തിൽ കുടുങ്ങാൻ കാരണം. ലോക്കോ പൈലറ്റ് തന്നെ തകരാറു പരിഹരിച്ചു യാത്ര തുടരുകയായിരുന്നു. ശബരി എക്സ്പ്രസ് പാളത്തിൽ കുടുങ്ങിയതോടെ തൊട്ടുപിന്നാലെ വന്ന പരശു എക്സ്പ്രസ് പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു.
പരശു എക്സ്പ്രസിനേ പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പുള്ളൂ, ശബരി എക്സ്പ്രസിനു സ്റ്റോപ്പില്ല. പരശു ട്രെയിനാകാമെന്നുകരുതി മാറികയറിയ ആരെങ്കിലും പിറവം റോഡിൽ ശബരി ട്രെയിൻ നിർത്താതെ വന്നപ്പോൾ ചെയിൻവലിച്ചതാകാമെന്നാണ് അധികൃതരുടെ നിഗമനം.
ശബരി എക്സ്പ്രസ് ഒന്നര മണിക്കൂർ കുടുങ്ങി
01:06 AM Jun 29, 2017 | Deepika.com