കാഞ്ഞിരപ്പള്ളി: കരകവിഞ്ഞൊഴുകിയ തോട്ടിൽ കാൽവഴുതി വീണ യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി. മണ്ണംപ്ലാവ് ഉഗാണ്ട കൂമ്പുക്കൽ ബിജോയിയെയാണ് (ബിജു-40) കാണാതായത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45നായിരുന്നു അപകടം.
സുഹൃത്തുക്കൾക്കൊപ്പം ചൂണ്ടയിടുകയായിരുന്നു ബിജോയി. ചിറ്റാർ പുഴയിലേക്കു ചെന്നു ചേരുന്ന കൈത്തോടായ കത്തലാങ്കൽപ്പടിയിലെ മണ്ണംപ്ലാക്കലെ തോട്ടിലേക്ക് ഇറങ്ങുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നെന്നുവെന്ന് സമീപത്തുണ്ടായിരുന്നവർ പറഞ്ഞു. എട്ടടിയോളം ആഴമുള്ള തോട്ടിലേക്കാണു ബിജോയി വീണത്.
തോടു ചിറ്റാർ പുഴയുമായി സംഗമിക്കുന്നതിന് 50 മീറ്റർ മാറിയാണു സംഭവം. ചിറ്റാർ പുഴയിലെ വലിയകയത്തിൽപെട്ട് താഴ്ന്നു പോയതാകാമെന്നു നാട്ടുകാർ പറഞ്ഞു.
തോട്ടരികിൽ മീൻപിടിച്ചുകൊണ്ടിരുന്ന മനോജ് ബിജോയിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സമീപത്തുള്ളവർ മുണ്ട് ഇട്ടു കൊടുത്തെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാർ പുഴയിലിറങ്ങി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തോട്ടിൽ വീണ യുവാവിനെ കാണാതായി
12:26 AM Jun 29, 2017 | Deepika.com