തിരുവനന്തപുരം: അരിയുൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക, റബർ വിലസ്ഥിരതാ പദ്ധതി തുടർന്നും നടപ്പാക്കുക, കർഷക പെൻഷൻ ഉടനടി വിതരണം ചെയ്യുക, കാരുണ്യാ ചികിത്സാ സഹായ പദ്ധതി പുനഃസ്ഥാപിക്കുക, നെല്ലിന്റെ സംഭരണ വില കുടിശിക ഉടൻ നൽകുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 30നു രാവിലെ 10.30നു തിരുനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്പിൽ കേരള കോണ്ഗ്രസ്- എം കൂട്ടധർണ നടത്തും. പാർട്ടി എംപിമാർ, എംഎൽഎമാർ, സംസ്ഥാനഭാരവാഹികൾ, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗങ്ങൾ, ജില്ലാ പ്രസിഡന്റുമാർ, പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകും.
പാർട്ടി ചെയർമാൻ കെ.എം. മാണി ധർണ ഉദ്ഘാടനം ചെയ്യും. വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. സി.എഫ്. തോമസ്, ജോസ് കെ. മാണി, ജോയി ഏബ്രഹാം, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ്, തോമസ് ജോസഫ്, ടി.യു. കുരുവിള, തോമസ് ഉണ്ണിയാടൻ, ജോസഫ് എം. പുതുശേരി, തോമസ് ചാഴികാടൻ, പി.ടി. ജോസ്, പി.കെ. സജീവ്, അറയ്ക്കൽ ബാലകൃഷ്ണപിള്ള തുടങ്ങിയവർ പ്രസംഗിക്കും. കോഴിക്കോട് ചെന്പനോട വില്ലേജിൽ ആത്മഹത്യ ചെയ്ത കർഷകൻ ജോയി തോമസിന്റെ മകളുടെ തുടർ വിദ്യാഭ്യാസ ചെലവ് കേരള കോണ്ഗ്രസ് -എം വഹിക്കുമെന്നു പാർട്ടി ചെയർമാൻ കെ.എം. മാണി പറഞ്ഞു. ജോയിയുടെ കുടുംബത്തിൽനിന്ന് ഒരാളിന് സർക്കാർ ജോലി നൽകാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നും കെ.എം. മാണി ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് -എം സെക്രട്ടേറിയറ്റ് ധർണ 30ന്
12:53 AM Jun 28, 2017 | Deepika.com