കൊച്ചി: കെഎസ്ഇബി ജീവനക്കാർ സർവീസ് വിഷയങ്ങളിൽ നേരിട്ട് കോടതിയെ സമീപിക്കുന്നതു വിലക്കിക്കൊണ്ടുള്ള ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജൂണ്‍ ആറിലെ വിവാദ ഉത്തരവിനെതിരേ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷൻ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ബോർഡിന്റെ ഉത്തരവ് ലംഘിച്ച് നേരിട്ട് കോടതിയെ സമീപിച്ചാൽ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും ബോർഡ് വ്യക്തമാക്കിയിരുന്നു. ഇതു ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശത്തിന്റെ ലംഘനമാണെന്നും ഇലക്ട്രിസിറ്റി ബോർഡിന് ഇത്തരമൊരു ഉത്തരവു നൽകാൻ നിയമപരമായി അധികാരമില്ലെന്നും ഹർജിയിൽ പറയുന്നു. നിയമവിരുദ്ധമായ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കോടതിയെ സമീപിച്ചതിന്റെ പേരിൽ ജീവനക്കാർക്കെതിരേ നടപടിയെടുക്കരുതെന്നും ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു ഹർജിയിലെ ഇടക്കാല ആവശ്യം.
കെഎസ്ഇബി ജീവനക്കാർ കോടതിയെ സമീപിക്കുന്നതു വിലക്കിയതിനു സ്റ്റേ
01:50 AM Jun 24, 2017 | Deepika.com