അമരവിള (തിരുവനന്തപുരം) : പുതിവൈപ്പ് ഐഓസി പ്ലാന്റിനെതിരെ നടക്കുന്ന ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള ലാറ്റിൻ കാതലിക് വിമെൻസ് അസോസിയേഷ(കെഎൽസിഡബ്ല്യൂഎ)ന്റെ സംസ്ഥാന കൗണ്‍സിലിന് നെയ്യാറ്റിൻകര വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററൽ സെന്ററിൽ തുടക്കമായി.
പുതുവൈപ്പിലെ പോലീസിന്റെ നരനായാട്ട് പ്രതിഷേധാർഹമാണെന്നും സർക്കാർ സമരത്തെ അടിച്ചൊതുക്കാൻ ശ്രമിക്കരുതെന്നും സംസ്ഥാന പ്രസിഡന്റ് ജെയിൻ ആൻസിൽ ഫ്രാൻസിസ് പറഞ്ഞു.
സ്ത്രീകൾ സമൂഹത്തിൽ പുരുഷനെക്കാൾ ഉത്തരവാദിത്വ ബോധമുളളവരായി മാറിക്കഴിഞ്ഞെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യം പറഞ്ഞു. കുടുബത്തിന്റെ കെട്ടുറപ്പും ഭദ്രതയും കാത്തുസൂക്ഷിക്കേണ്ടത് സ്ത്രീയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസെന്റ് സാമുവൽ അനുഗ്രഷ പ്രഭാഷണം നടത്തി . സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ , വികാരി ജനറാൾ മോണ്‍. ജി ക്രിസ്തുദാസ്, കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ.ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറന്പിൽ , കെഎൽഡബ്ല്യൂഎ നെയ്യാറ്റിൻകര ഡയറക്ടർ ഫാ.ഷാജ്കുമാർ , സംസ്ഥാന ജനറൽ സെക്രട്ടറി അൽഫോണ്‍സ ആന്റിൽസ്, ലത്തീൻ സമുദായ വക്താവ് ഷാജി ജോർജ് , കെആർഎൽസിസി വിമൻസ് കമ്മീഷൻ സെക്രട്ടറി സിസ്റ്റർ സെൽമ , കെഎൽസിഎ നെയ്യാറ്റിൻകര പ്രസിഡന്റ് സഹായദാസ് , കെആർഎൽസിസി സെക്രട്ടറി തോമസ് കെ. സ്റ്റീഫൻ , പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജി.നേശൻ തുടങ്ങിയവർ പ്രസംഗിച്ചു.
പുതുവൈപ്പിൽ നടന്ന പോലീസിന്റെ നരനായാട്ട് പ്രതിഷേധാർഹം; കേരള ലാറ്റിൻ കാത്തലിക് വിമെൻസ് അസോസിയേഷൻ
01:37 AM Jun 24, 2017 | Deepika.com