കിഴക്കന്പലം: അന്പലമുകൾ ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ നിർമാണം നടക്കുന്ന പ്ലാന്റിൽ പാചകവാതകച്ചോർച്ച. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. ജനുവരിയിൽ ഉദ്ഘാടനത്തിനൊരുങ്ങുന്ന ഐആർഇപി പ്ലാന്റിലെ ഡിസിയു യൂണിറ്റിൽ ട്രയൽ ഓണ്‍ നടത്തുന്നതിനിടെയാണ് എൽപിജി ചോർന്നത്. പ്രദേശമാകെ പരന്ന വാതകത്തിന്റെ രൂക്ഷഗന്ധം അസ്വസ്ഥതയുണ്ടാക്കിയതായി നാട്ടുകാർ പറഞ്ഞു.
വാതകം ശ്വസിച്ച ഭൂരിഭാഗം തൊഴിലാളികൾക്കും ഛർദിയും തലകറക്കവും അനുഭവപ്പെട്ടു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാതകം ചോർന്ന ഉടൻ കന്പനിയിലെ മുഴുവൻ തൊഴിലാളികളേയും മാറ്റിയിരുന്നു. കന്പനിയുടെയും എച്ച്ഒസിയുടെയും ഫയർഫോഴ്സ് യൂണിറ്റ്, അന്പലമേട് പോലീസും എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. സൾഫൈഡ് മിശ്രിതമടങ്ങുന്ന വാതകം ചോർന്നതായാണ് പ്രാഥമിക നിഗമനം. കാർബൈഡിന്റെ ഗന്ധമാണ് അനുഭവപ്പെട്ടതെന്ന് വാതകം ശ്വസിച്ചവർ പറഞ്ഞു.
എന്നാൽ, കന്പനിയിലെ തൊഴിലാളികൾക്കു മുന്നറിയിപ്പു നൽകിയ ശേഷമാണ് ട്രയൽ ഓണ്‍ നടത്തിയതെന്നാണ് കന്പനി അധികൃതരുടെ വാദം. ചോർച്ചയിൽ ആശങ്കയ്ക്കു വകയില്ലെന്നും ചോർച്ച പരിഹരിക്കാൻ കന്പനി അടിയന്തര നടപടികൾ സ്വീകരിച്ചെന്നും അധികൃതർ പറഞ്ഞു.
കൊച്ചി റിഫൈനറിയിൽ വാതകച്ചോർച്ച
01:30 AM Jun 24, 2017 | Deepika.com