തിരുവനന്തപുരം: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് എക്സൈസ് വകുപ്പ് നല്കുന്ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സ്കൂള്‍, കോളജ് ലഹരി വിരുദ്ധ ക്ലബുകള്‍, സ്കൂള്‍ കോളജ് ലഹരി വിരുദ്ധ ക്ലബ് അംഗങ്ങള്‍, മികച്ച സന്നദ്ധ സംഘടന, സന്നദ്ധ പ്രവര്ത്തകന് എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ്.
സ്കൂള്‍ തലത്തില്‍ മികച്ച ലഹരി വിരുദ്ധ ക്ലബായി കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് എച്ച്എസ്എസ് (തൊക്കിലങ്ങാടി) സ്കൂളിലെ ലഹരി വിരുദ്ധ ക്ലബിനെയും കോളജ് തലത്തിലെ മികച്ച ലഹരി വിരുദ്ധ ക്ലബായി തൃശൂര്‍ ജില്ലയിലെ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ ലഹരി വിരുദ്ധ ക്ലബിനെയും തെരഞ്ഞെടുത്തു.
മികച്ച സ്കൂള്‍ ലഹരി വിരുദ്ധ ക്ലബ് അംഗമായി കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ ബി.എന്‍. നാസിയ , കോളജ് ലഹരി വിരുദ്ധ ക്ലബ് അംഗമായി കൊല്ലം കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജിലെ സുവോളജി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി എസ്. കാര്‍ത്തിക എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സന്നദ്ധ പ്രവര്‍ത്തകനായി എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി ഡോ. എം.എന്‍. വെങ്കിടേശനെയും മികച്ച സന്നദ്ധ സംഘടനയായി തിരുവനന്തപുരം, വെള്ളനാട്, കരുണാസായിയെയും തെരഞ്ഞെടുത്തു.
അവാര്‍ഡുകള്‍ 26ന് കണ്ണൂരില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് ദിനാചരണം സംസ്ഥാനതല ഉദ്ഘാടന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിതരണം ചെയ്യും. മന്ത്രി ടി.പി. രാമകൃഷ്ണന് അധ്യക്ഷത വഹിക്കും.
ലഹരി വിരുദ്ധ ബോധവത്കരണം: അവാര്‍ഡുകൾ പ്രഖ്യാപിച്ചു
01:05 AM Jun 24, 2017 | Deepika.com