തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ മദ്യനയം അട്ടിമറിച്ച് കേരളത്തിൽ മദ്യമൊഴുക്കാനുള്ള ഇടതുസർക്കാരിന്റെ തെറ്റായ തീരുമാനത്തിനെതിരേ യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ ജൂലൈ ഒന്നിനു സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണകൾ നടത്തുമെന്ന് കണ്‍വീനർ പി.പി. തങ്കച്ചൻ അറിയിച്ചു. തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്നിലും മറ്റു ജില്ലകളിൽ കളക്ടറേറ്റുകൾക്കു മുന്നിലുമാണു ധർണകൾ സംഘടിപ്പിക്കുന്നത്.
സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന ധർണയ്ക്കു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേതൃത്വം നൽകും. കൊല്ലം കളക്ടറേറ്റിനുമുന്നിൽ നടക്കുന്ന ധർണയ്ക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ആർഎസ്പി നേതാവ് എ.എ. അസീസും നേതൃത്വം നൽകും. ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ നടക്കുന്ന ധർണ ജനതാദൾ -യു ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജും ഫോർവേഡ് ബ്ലോക്ക് സെക്രട്ടറി ദേവരാജനും പത്തനംതിട്ടയിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും കോട്ടയത്ത് ഉമ്മൻ ചാണ്ടിയും ഇടുക്കിയിൽ അനൂപ് ജേക്കബ് എംഎൽഎയും നേതൃത്വം നൽകും.
എറണാകുളം കളക്ടറേറ്റിനുമുന്നിൽ നടക്കുന്ന ധർണയ്ക്കു കെ. മുരളീധരൻ എംഎൽഎയും കേരള കോണ്‍ഗ്രസ് - ജേക്കബ് ചെയർമാൻ ജോണി നെല്ലൂരും നേതൃത്വം നൽകും. തൃശൂർ കളക്ടറേറ്റിനു മുന്നിലെ ധർണ വി.ഡി. സതീശനും പാലക്കാട്ട് യുഡിഎഫ് കണ്‍വീനർ പി.പി. തങ്കച്ചനും മുസ്ലിം ലീഗ് നേതാവ് കെ.പി.എ. മജീദും മലപ്പുറത്ത് കളക്ടറേറ്റിനുമുന്നിൽ നടക്കുന്ന ധർണ മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപിയും കോഴിക്കോട്ട് കെപിസിസി പ്രസിഡന്റ് എം.എം. ഹസനും സിഎംപി നേതാവ് സി.പി. ജോണും നേതൃത്വം നൽകും. വയനാട് മുൻമന്ത്രി കെ.പി. മോഹനനും കണ്ണൂരിൽ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീറും കാസർഗോട്ട് എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥും നേതൃത്വം നൽകും.
മദ്യനയം: യുഡിഎഫ് പ്രതിഷേധ ധർണകൾ ജൂലൈ ഒന്നിന്
03:26 AM Jun 23, 2017 | Deepika.com