തിരുവനന്തപുരം: പൊതു സ്ഥലങ്ങളിൽ നിന്നുള്ള പാറ ക്വാറികളുടെ ദൂരപരിധി 50 മീറ്ററാക്കി കുറച്ചു 2015 ലെ കേരളാ മൈനർ മിനറൽ കണ്‍സംപ്ഷൻ ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ റോഡ്, തോട്, നദികൾ, വീടുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് 50 മീറ്ററിനകമുള്ള ക്വാറികൾക്കു വീണ്ടും പ്രവർത്തിച്ചു തുടങ്ങാൻ കഴിയും. ക്വാറി പെർമിറ്റിന്റെ കാലാവധി മൂന്നു വർഷത്തിൽ നിന്ന് അഞ്ചു വർഷമായി ഉയർത്തി.
കഴിഞ്ഞ സർക്കാരിന്റെ കാലത്തു ദൂരപരിധി 100 മീറ്റർ ആയി ഉയർത്തുകയും തന്മൂലം കേരളത്തിലെ രണ്ടായിരത്തിലധികം ചെറുകിട ക്വാറികൾ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്ന സാഹചര്യത്തിലാണു ചെറുകിട ധാതുക്കളുടെ നിയന്ത്രണവും വികസനവും സംബന്ധിച്ച ചട്ടത്തിൽ ഭേദഗതി അംഗീകരിച്ചതെന്നു വ്യവസായ മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു.
സംസ്ഥാനത്തിന് ആവശ്യമുള്ള നിർമാണ സാധനങ്ങളുടെ ഭൂരിഭാഗവും ചെറുകിട ക്വാറികളിൽ നിന്നാണു ലഭ്യമായിരുന്നത്. ചെറുകിട ക്വാറികളിൽനിന്നുള്ള ഉത്പാദനം നിലച്ചതോടെ നിർമാണ സാധനങ്ങളുടെ വില അമിതമായി വർധിച്ചെന്ന പരാതിയും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വ്യവസായ വകുപ്പ് ഇതേപ്പറ്റി പരിശോധന നടത്തിയത്.
കേന്ദ്രസർക്കാർ 2016 ൽ പുറപ്പെടുവിച്ച ചട്ടങ്ങളിലും മറ്റു സംസ്ഥാനങ്ങളിലെ ചട്ടങ്ങളിലും പൊതു സ്ഥലങ്ങളിൽ നിന്നുള്ള ദൂരപരിധി 50 മീറ്റർ എന്നു നിജപ്പെടുത്തിയിരിക്കുമ്പോഴാണ് കേരളത്തിൽ മാത്രം 100 മീറ്റർ ആയി വർധിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണു ദൂരപരിധി 50 മീറ്ററായി പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതോടെ നിർമാണ മേഖലയിൽ സംജാതമായ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് കരുതുന്നതായി മന്ത്രി പറഞ്ഞു. മേജർ മിനറലുകളായ ചൈന ക്ലേ, സിലിക്കാസാൻഡ്, ലാറ്ററൈറ്റ്, എന്നിവ 2015 ൽ മൈനർ മിനറലുകളായി കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിരുന്നെങ്കിലും കേരള മൈനർ മിനറൽ കണ്‍സംപ്ഷൻ ചട്ടങ്ങളിൽ ഇവയെ ഉൾപ്പെടുത്താത്തതു കൊണ്ടു സംസ്ഥാനത്ത് ഇവയുടെ ഖനനത്തിന് അനുമതി നൽകാൻ പറ്റാത്ത അവസ്ഥയായിരുന്നു. മലബാർ സിമന്റ്സിനു കേരളത്തിൽ സുലഭമായിട്ടുള്ള ലാറ്ററൈറ്റ് ഖനനം ചെയ്യാൻ സാധിക്കാത്തതിനാൽ ആന്ധ്രയിൽനിന്നു മൂന്നിരട്ടി വിലയ്ക്കു വാങ്ങേണ്ടി വന്നു. പുതിയ ഭേദഗതിയിൽ ഇത്തരം മിനറലുകളെ മൈനർ മിനറൽ കണ്സഷൻ ചട്ടങ്ങളിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു.
കെട്ടിട നിർമാണത്തിന്റെ ഭാഗമായി സാധാരണ മണ്ണ് നീക്കം ചെയ്യാൻ അനുമതി വാങ്ങിയിട്ടുണ്ടെങ്കിൽ ഒരു വർഷത്തിനകം അടിസ്ഥാനമെങ്കിലും നിർമിച്ചിട്ടില്ലെങ്കിൽ മണ്ണ് നീക്കം ചെയ്തത് അനധികൃത ഖനനമായി കണക്കാക്കി ശിക്ഷ നൽകും. കെട്ടിട നിർമാണത്തിന്റെ ഭാഗമായി ഭൂമി ലെവൽ ചെയ്യേണ്ടതുണ്ടെങ്കിൽ എത്ര സ്ഥലത്ത് എത്ര അളവിൽ മണ്ണുനീക്കണം എന്ന വിവരം ബിൽഡിംഗ് പെർമിറ്റിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിഷ്കർഷിക്കേണ്ടതുണ്ട്. മീറ്ററാക്കും
പൊതുസ്ഥലങ്ങളിൽനിന്നുള്ള ക്വാറികളുടെ ദൂരപരിധി 50
02:38 AM Jun 22, 2017 | Deepika.com