പേരാമ്പ്ര: കർഷകൻ വില്ലേജ് ഓഫീസിൽ ജീവനൊടുക്കിയ നിലയിൽ. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫീസിലാണ് ചെമ്പനോട സ്വദേശി കാവിൽ പുരയിടത്തിൽ ജോയി എന്ന തോമസിനെ (56) ഓഫീസിന്റെ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ ഇന്നലെ രാത്രി ഒമ്പതരയോടെ നാട്ടുകാർ കണ്ടെത്തിയത്.
പെരുവണ്ണാമൂഴി പോലീസ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹം താഴെയിറക്കാൻ നാട്ടുകാർ സമ്മതിച്ചിട്ടില്ല. ജില്ലാ കളക്ടറോ കൊയിലാണ്ടി തഹസിൽദാരോ എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഭാര്യയുടെ പേരിലുള്ള സ്ഥലത്തിന്റെ നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം നിലനിന്നിരുന്നു. ഇതിന്റെ പേരിൽ ഒരു വർഷം മുമ്പ് ജോയിയും ഭാര്യയും ചെമ്പനോട വില്ലേജ് ഓഫീസിനു മുമ്പിൽ നിരാഹാര സമരം നടത്തിയിരുന്നു. ജനപ്രതിനിധികൾ ഇടപെട്ടതിനെത്തുടർന്നു താത്കാലികമായി നികുതി സ്വീകരിക്കാൻ വില്ലേജ് അധികൃതർ തയാറായി.
പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു ജോയിയും കുടുംബവും പിന്നീട് വില്ലേജ് ഓഫീസ് കയറിയിറങ്ങിയെങ്കിലും അധികൃതർ അവഗണിക്കുകയായിരുന്നു.സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ചക്കിട്ടപാറ പഞ്ചായത്തിൽ ഇന്ന് പകൽ ഹർത്താലിന് ആഹ്വാനം ചെയ്തു.
കർഷകൻ വില്ലേജ് ഓഫീസിൽ ജീവനൊടുക്കി
02:38 AM Jun 22, 2017 | Deepika.com