ചെമ്പേരി(കണ്ണൂർ): വൈദ്യുത ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തന്റേതടക്കമുള്ള നിരവധി കർഷക കുടുംബങ്ങളുടെ ജീവിതമാർഗമായ കൃഷികൾ നശിപ്പിക്കുന്നത് തടയാൻ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നു നടപടി വേണമെന്ന അഭ്യർഥനയുമായി ആറാം ക്ലാസ് വിദ്യാർഥി. ഏരുവേശി പഞ്ചായത്തിൽപ്പെട്ട വളയംകുണ്ടിലെ പുലിയുറുമ്പിൽ സുനിലിന്റെ മകനും പൂപ്പറമ്പ് ഫുസ്കോ സീനിയർ സെക്കൻഡറി സ്കൂളിൽ ആറാംക്ലാസ് വിദ്യാർഥിയുമായ അലക്സാണ്ടർ സുനിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ ആശങ്കകൾ വിവരിച്ച് പരാതിരൂപേണയുള്ള കത്തയച്ചത്.
ചെമ്പേരി വൈദ്യുതി സെക്ഷൻ പരിധിയിലെ പൂപ്പറമ്പിൽ പുതുതായി സ്ഥാപിക്കാനുദ്ദേശിച്ചിരിക്കുന്ന 110 കെവി വൈദ്യുതി സബ് സ്റ്റേഷനിലേക്ക് ലൈൻ കൊണ്ടുപോകാൻ തീരുമാനിച്ചിട്ടുള്ളത് ശ്രീകണ്ഠപുരം, ഏരുവേശി പഞ്ചായത്തുകളിലെ 180 കർഷകരുടെ വീടുകളും കൃഷിഭൂമിയും ഉൾപ്പെടുന്ന പ്രദേശത്തുകൂടിയാണ്. ഇതിനായി വൈദ്യുതി വകുപ്പ് നിയോഗിച്ച കരാറുകാർ കൃഷിഭൂമിയിൽ അതിക്രമിച്ചുകയറി ഫലവൃക്ഷങ്ങളും നാണ്യവിളകളും അടക്കമുള്ള മരങ്ങൾ നിഷ്കരുണം മുറിച്ചുനീക്കാൻ നടത്തിയ ശ്രമം തടഞ്ഞതിന് തന്റെ പിതാവിനും സമീപവാസികൾക്കുമെതിരേ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളതെന്ന് അലക്സാണ്ടർ സുനിൽ കത്തിൽ ചൂണ്ടിക്കാട്ടി.
തങ്ങളുടെ കുടുംബത്തിന്റെ രണ്ടരയേക്കറോളം വരുന്ന സ്ഥലത്തെ റബർ, തെങ്ങ്, വാഴ, കുരുമുളക് തുടങ്ങിയ കൃഷികളിൽനിന്നുള്ള വരുമാനം കൊണ്ടാണ് തന്റെയും രണ്ടു സഹോദരങ്ങളുടെയും വിദ്യാഭ്യാസമടക്കമുള്ള നിത്യജീവിതച്ചെലവുകൾ മുന്നോട്ടുകൊണ്ടുപോകുന്നത്. പിതാവിനെ കേസിൽപ്പെടുത്തി ജയിലിലടയ്ക്കുമെന്ന ഭീതിയിലാണ് മക്കളായ തങ്ങൾ മൂന്നുപേരും. തങ്ങളുടെ വിദ്യാഭ്യാസവും ഭാവിയും അനിശ്ചിതത്വത്തിലായേക്കുമെന്ന് ആശങ്കപ്പെടുന്നതായും അലക്സാണ്ടർ മലയാളത്തിലെഴുതിയ കത്തിൽ പറയുന്നു.
ശ്രീകണ്ഠപുരം മുതൽ പൂപ്പറമ്പ് വരെ പത്തു കിലോമീറ്റർ ദൂരത്തിലും 30 മീറ്റർ വീതിയിലുമുള്ള ഭൂമിയിലെ കാർഷികവിളകൾ നശിപ്പിക്കപ്പെടുന്നതുമൂലം നിരവധി കർഷകകുടുംബങ്ങളുടെ വരുമാനമാർഗമാണ് ഒറ്റയടിക്ക് ഇല്ലാതാകുന്നത്. അഞ്ചും പത്തും സെന്റ് മാത്രമുള്ള ഭൂമിയിൽ വീടുവച്ച് താമസിക്കുന്നവരും ഈ പ്രദേശത്തുണ്ട്. ഇവരിൽ ചിലരുടെ വീടുകളടക്കം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. പ്രകൃതിക്ക് നാശമുണ്ടാക്കാതെ വൈദ്യുത ലൈനുകൾ ഭൂമിക്കടിയിലൂടെ കൊണ്ടുപോകാമെന്നിരിക്കെ അതിനായുള്ള നടപടികൾ സ്വീകരിക്കാൻ വൈദ്യുതി വകുപ്പിനോട് ആവശ്യപ്പെടണമെന്നാണ് അലക്സാണ്ടർ സുനിൽ പ്രധാനമന്ത്രിയോട് കത്തിലൂടെ അപേക്ഷിച്ചിട്ടുള്ളത്.
കൃഷിഭൂമി സംരക്ഷിക്കാൻ പ്രധാനമന്ത്രിയുടെ സഹായം തേടി ആറാം ക്ലാസ് വിദ്യാർഥി
02:27 AM Jun 22, 2017 | Deepika.com