തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശനപരീക്ഷയിൽ ഒന്നാം റാങ്ക് കോഴിക്കോട് സ്വദേശി എൻ. ഷാഫിൽ മാഹിന്. 587.13 സ്കോർ നേടിയാണ് പുതിയറ സൗഭാഗ്യയിൽ ഷാഫിൽ മാഹിൻ ഒന്നാം റാങ്കിന് അർഹനായത്. കോട്ടയം പ്രിയദർശിനി ഹിൽസിലെ വേദാന്ത് പ്രകാശ് ഷേണായ് (580), കോട്ടയം വടവാതൂർ സ്വദേശി അഭിലാഷ് കർ (579.60), കോട്ടയം കിഴതടിയൂർ സ്വദേശി ആനന്ദ് ജോർജ്( 579.59), കോഴിക്കോട് ചേവായൂർ സ്വദേശി എം. നന്ദഗോപാൽ (574) എന്നിവർ രണ്ടു മുതൽ അഞ്ചുവരയുള്ള റാങ്കുകൾക്ക് അർഹരായി.
എസ്സി വിഭാഗത്തിൽ മലപ്പുറം ചെട്ടിപ്പടി നെടുവാ നോർത്ത് സ്വദേശി സി. ഇന്ദ്രജിത്ത് ഒന്നാം റാങ്കും വയനാട് മാനന്തവാടി സ്വദേശി അശ്വിൻ വിശ്വനാഥ് രണ്ടാം റാങ്കും നേടിയപ്പോൾ എസ്ടി വിഭാഗത്തിൽ കോട്ടയം മേലുകാവ് പുത്തൻപറമ്പിൽ ജിബിൻ ജോർജ് ഒന്നാം റാങ്കും കാസർഗോഡ് ചാമക്കുഴി കൂവക്കല്ലിൽ പി. അശ്വൻ രണ്ടാം റാങ്കും സ്വന്തമാക്കി.
എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ 72,440 വിദ്യാർഥികളിൽ 61,716 പേരാണു യോഗ്യതാ പരീക്ഷയുടെ മാർക്ക് പ്രവേശന പരീക്ഷാ കമ്മീഷണർക്കു സമർപ്പിച്ചത്. എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികൾക്കു ഹയർ സെക്കൻഡറി പരീക്ഷയിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ലഭിച്ച മാർക്ക് സ്റ്റാൻഡേർഡൈസേഷൻ പ്രക്രിയയ്ക്കു വിധേയമാക്കിയശേഷം പ്രവേശന പരീക്ഷയ്ക്കു ലഭിച്ച സ്കോറുമായി തുല്യ അനുപാതത്തിൽ സമന്വയിപ്പിച്ചാണ് എൻജിനിയറിംഗ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയാറാക്കിയത്. ഫാർമസിയിൽ മലപ്പുറം കൊടിനി സി.പി. ഹൗസിൽ സി.സി. അലിഫ് അൻഷിൽ ( 408.5 സ്കോർ) ഒന്നാം റാങ്കും കോട്ടയം വടവാതൂർ ജവഹർ നവോദയ സ്കൂൾ വിദ്യാർഥി സുധീപ് മാജി ( 402.47) രണ്ടാം റാങ്കും കരസ്ഥമാക്കി.
അപേക്ഷയിലെ ന്യൂനതകൾ കാരണം എൻജിനിയറിംഗ് വിഭാഗത്തിൽ 107 വിദ്യാർഥികളുടെയും ഫാർമസി വിഭാഗത്തിൽ 158 പേരുടെയും ഫലം തടഞ്ഞുവച്ചിട്ടുണ്ട്. യോഗ്യതാ പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സമർപ്പിക്കാത്ത 699 വിദ്യാർഥികളുടെയും ഫലം തടഞ്ഞുവച്ചിട്ടുണ്ട്.
എൻജിനിയറിംഗ് പ്രവേശനപരീക്ഷ ഒന്നാംറാങ്ക് ഷാഫിൽ മാഹിന്
01:18 AM Jun 21, 2017 | Deepika.com