കോട്ടയം: കുടിൽരഹിത പഞ്ചായത്ത്, ശുചിത്വ പഞ്ചായത്ത്, പെൻഷൻ പഞ്ചായത്ത് എന്നൊക്കെ നാം കേൾക്കാറുണ്ട്.. എന്നാൽ, ഇവിടൊരു പഞ്ചായത്ത് യോഗ ചെയ്തു നാടിനെ വിസ്മയിപ്പിക്കുകയാണ്. രാജ്യത്തെ ആദ്യ സന്പൂർണ യോഗഗ്രാമം എന്ന പദവി ലക്ഷ്യമിട്ടാണ് പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്തിന്റെ യോഗ. പഞ്ചായത്ത് ഭരണസമിതിയും തിരുവല്ല പ്രണവം യോഗ ആശ്രമവും ചേർന്നു എന്റെ ഗ്രാമം ആരോഗ്യമുള്ള ഗ്രാമം പദ്ധതിയുടെ ഭാഗമായിട്ടാണു പഞ്ചായത്തിൽ യോഗ പഠിപ്പിക്കുന്നത്. കുടുംബശ്രീ പ്രവർത്തകർ, പഞ്ചായത്തിൽനിന്നുള്ള സർക്കാർ ജോലിക്കാർ, വിദ്യാർഥികൾ തുടങ്ങി പഞ്ചായത്തിലെ ഒരു കുടുംബത്തിലെ ഒരംഗത്തെ യോഗ പരിശീലിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, പദ്ധതി തുടങ്ങിയതോടെ ഭൂരിഭാഗം ആളുകളും യോഗ പരിശീലനം തുടങ്ങി. വിദ്യാർഥികൾ, പ്രായമായവർ, വൈദികർ, കന്യാസ്ത്രീകൾ, ഭിന്നശേഷിക്കാർ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 70ലധികം ക്ലാസുകളാണ് ഇതു വരെ നടന്നത്. പഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഭായി യോഗ എന്ന പേരിലും ക്ലാസ് സംഘടിപ്പിച്ചു. ഇപ്പോൾ പഞ്ചായത്തിലെ ബഹുഭൂരിപക്ഷവും ദിവസം രണ്ടു മണിക്കൂർ വീതം യോഗ ചെയ്യുന്നു.
കഴിഞ്ഞ മൂന്നു മാസമായി നടത്തിയ പ്രയത്നത്തിലാണു കുന്നന്താനം പഞ്ചായത്തിനു ഈ നേട്ടം കൈവരിക്കാനാകുന്നത്. മാർച്ച് 22നാണു പഞ്ചായത്തിൽ യോഗ ആരംഭിക്കുന്നത്. ദിവസവും രാവിലെ ഏഴു മുതൽ എട്ടു വരെയും രാത്രി 7.30 മുതൽ 8.30വരെയുമായിരുന്നു ആദ്യഘട്ടത്തിൽ പരിശീലനം. പഞ്ചായത്തിലെ 15 വാർഡുകളിലും മൂന്നു വീതം പരിശീലന കേന്ദ്രങ്ങൾ. ആദ്യ ഘട്ടത്തിനു ശേഷം പഞ്ചായത്തിന്റെ കമ്യൂണിറ്റി ഹാളിൽ പരിശീലനം ആരംഭിച്ചു. ഇപ്പോൾ ഭൂരിഭാഗം ആളുകളും കമ്യൂണിറ്റി ഹാളിൽ എത്തിയാണു യോഗ ചെയ്യുന്നത്.
പത്തനംതിട്ട ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ജൂണിയർ സൂപ്രണ്ടും എംഎസ്സി യോഗ തെറാപ്പിയിൽ ബിരുദാനന്തര ബിരുദം നേടിയയാളുമായ എം.ജി. ദിലീപിന്റെ നേതൃത്വത്തിലാണു പഞ്ചായത്തിലെ മുഴുവൻ ആളുകളെയും യോഗ ദിനചര്യയുടെ ഭാഗമാക്കിയത്. കഴിഞ്ഞ 30 വർഷമായി ചൈനീസ് കുംഗ്ഫും 10 വർഷമായി യോഗയും പരിശീലിപ്പിച്ചു വരികയാണ് ദിലീപ്. പഞ്ചായത്തിലെ മുഴുവൻ ആളുകളെയും യോഗ പരിശീ ലിപ്പിക്കുകയെന്ന തന്റെ ആശയം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണ കുറുപ്പിനോടും ജില്ലാ പഞ്ചായത്തംഗം എസ്. വി. സുബിനോടും പങ്കുവയ്ക്കുകയായിരുന്നു. ഈ ആശയം മികച്ചതാണെന്നു തോന്നിയ ഇവർ പരിപാടിക്കു പൂർണ പിന്തുണ നല്കി.
പഞ്ചായത്തിലെ ഒരു കുടുംബത്തിലെ ഒരാളെയെങ്കിലും യോഗ പരിശീലിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെങ്കിലും ഇപ്പോൾ 3500ൽപ്പരം ആളുകൾ ഇവിടെ നിത്യവും യോഗ ചെയ്യുന്നുണ്ട്. യോഗ തുടങ്ങുന്നതിനു മുന്പ് എല്ലാവരെക്കൊണ്ടും ലാബ് പരിശോധന നടത്തിച്ചു. ഒരു മാസം കഴിഞ്ഞപ്പോൾ വീണ്ടും പരിശോധന നടത്തി. ഭൂരിഭാഗം ആളുകൾക്കും ആരോഗ്യപ്രശ്നങ്ങൾ കുറഞ്ഞതായിട്ടാണ് മെഡിക്കൽ റിപ്പോർട്ടെന്നും ദിലീപ് പറഞ്ഞു. നാളെ ഉച്ചകഴിഞ്ഞു 2.30നു കുന്നന്താനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണു പഞ്ചായത്തിനെ സന്പൂർണ യോഗ ഗ്രാമമായി പ്രഖ്യാപിക്കുന്ന ചടങ്ങ്. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗാണു സന്പൂർണ യോഗാ ഗ്രാമമായി പ്രഖ്യാപിക്കുന്നത്. തുടർന്നു 3000ൽപ്പരം ആളുകൾ പങ്കെടുക്കുന്ന യോഗ മെഗാഷോയും നടക്കും.
ഇന്നു ലോക യോഗദിനം: കുന്നന്താനം പഞ്ചായത്ത് യോഗ ചെയ്യുന്ന തിരക്കിലാണ്!
12:56 AM Jun 21, 2017 | Deepika.com