തിരുവനന്തപുരം: കന്നുകാലികളുടെ വിൽപ്പന നിരോധിച്ച കേന്ദ്രസർക്കാർ തീരുമാനം മറികടക്കാൻ മറ്റു സംസ്ഥാനങ്ങളുടെ ഏകോപന ശ്രമവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സമാന ചിന്താഗതിക്കാരായ സംസ്ഥാനങ്ങൾ യോജിച്ചു നീങ്ങണമെന്നഭ്യർഥിച്ച് മുഖ്യമ ന്ത്രി പിണറായി വിജയൻ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കു കത്തയച്ചു.
ഭരണഘടനയുടെ അടിസ്ഥാനശിലകളിലൊന്നായ ഫെഡറലിസത്തിന്റെ ലംഘനമാണ് ഇവിടെ നടന്നത്. സംസ്ഥാനങ്ങളുടെ നിയമനിർമാണ സംവിധാനത്തിൻമേലുള്ള കടന്നുകയറ്റം അനുവദിക്കാനാകില്ല. ഫെഡറൽ തത്വങ്ങൾക്കു വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഈ നീക്കത്തെ ഒറ്റക്കെട്ടായി എതിർത്തില്ലെങ്കിൽ ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കും.
1960ലെ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് ആക്ടിന്റെ കീഴിൽ പുറപ്പെടുവിച്ച ചട്ടങ്ങൾ തികച്ചും വിചിത്രമാണ്. ആക്ടിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുമായി അതിനു ബന്ധമില്ല. ഈ ചട്ടങ്ങളുടെ പിന്നിൽ സംസ്ഥാനങ്ങളുടെ നിയമനിർമാണ സംവിധാനത്തിന്റെ അധികാരങ്ങൾ കവർന്നെടുക്കുക എന്ന ഗൂഢലക്ഷ്യമാണുള്ളതെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.
കശാപ്പ് നിരോധനം: മറ്റു സംസ്ഥാനങ്ങളുമായി കൈകോർക്കാൻ മുഖ്യമന്ത്രി
02:15 AM May 30, 2017 | Deepika.com