തിരുവനന്തപുരം: കശാപ്പു നിരോധനത്തിനെതിരേ കാളക്കുട്ടിയെ പരസ്യമായി കശാപ്പുചെയ്ത സമരത്തിനു നേതൃത്വം നൽകിയ യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ പാർലമെന്റ് കമ്മിറ്റി പ്രസിഡന്റ് റിജിൽ മാക്കുറ്റിയെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ അറിയിച്ചു. ബീഫ് നിരോധനത്തിനെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ പരിപാടികളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നു. എന്നാൽ, കണ്ണൂരിലുണ്ടായ സംഭവത്തെ അപലപിക്കുന്നു.
ഇതു കോണ്‍ഗ്രസ് സംസ്കാരത്തിനു യോജിച്ചതല്ല. കന്നുകാലികളുടെ കശാപ്പിനെ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രഗവണ്മെന്റിന്റെ ഉത്തരവിനെ കേരളം അംഗീകരിക്കരുതെന്നും ഹസൻ അഭിപ്രായപ്പെട്ടു. സംഘപരിവാറിന്റെയും ബിജെപിയുടെയും വർഗീയഫാസിസം അടുക്കളയിലേക്കു കടക്കുന്നതിനെ കോണ്‍ഗ്രസ് സർവശക്തിയും ഉപയോഗിച്ചു തടയും. ഈ നിയമം കേരളത്തിനു ബാധകമാകാതിരിക്കാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടി പുതിയ നിയമം നിർമിക്കണമെന്നു കെപിസിസി സർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര ഉത്തരവിനെതിരേ കോണ്‍ഗ്രസ് പ്രവർത്തകർ തിരുവനന്തപുരം ഡിസിസിയുടെ നേതൃത്വത്തിൽ ജൂണ്‍ ഒന്നിനു രാജ്ഭവനു മുന്നിൽ പ്രതിഷേധപ്രകടനം നടത്തും.
കണ്ണൂരിലെ കശാപ്പ് : യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്പെൻഷൻ
02:05 AM May 30, 2017 | Deepika.com