തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നീഷനായി ജോലി നോക്കുന്ന യുവതിയെ ആശുപത്രി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം അതിരന്പുഴ സ്വദേശിനി ഗ്രീഷ്മ(20)യെയാണ് മുറിഞ്ഞപാലം കുമാരപുരം റോഡിലെ ഹോസ്റ്റലിൽ മരിച്ചനിലയിൽ ഇന്നലെ രാവിലെ കണ്ടെത്തിയത്.
രാവിലെ ജോലിക്കു പോകാൻ സമയമായിട്ടും മുറി തുറക്കാതിരിക്കുകയും മൊബൈൽ ഫോണിൽ വിളിച്ചിട്ടു പ്രതികരണമില്ലാതിരിക്കുകയും ചെയ്തതിനെ തുടർന്ന് സഹപ്രവർത്തകരാണു വിവരം ആശുപത്രി അധികൃതരെ അറിയിച്ചത്. ആശുപത്രിയിൽനിന്ന് അറിയിച്ചതനുസരിച്ചു മെഡിക്കൽ കോളജ് പോലീസ് സ്ഥലത്തെത്തി ഹോസ്റ്റൽ മുറി തുറന്നു നോക്കിയപ്പോഴാണു മൃതദേഹം കണ്ടത്. രാത്രി പെണ്കുട്ടി മുറിയിൽ തനിച്ചായിരുന്നു.
കൂടെ താമസിക്കുന്ന കുട്ടി നൈറ്റ് ഡ്യൂട്ടിക്കു പോയ സമയത്താണു പെണ്കുട്ടി ജീവനൊടുക്കിയതെന്നും പോലീസ് അറിയിച്ചു. ഗ്രീഷ്മ ഒരു വർഷം മുന്പാണ് സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നീഷനായി ജോലിയിൽ പ്രവേശിക്കുന്നത്. പിതാവ്: സണ്ണി, മാതാവ്: സുജ.
യുവതി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ
01:52 AM May 30, 2017 | Deepika.com