തിരുവനന്തപുരം: ഐസിഎസ്ഇ (പത്താംക്ലാസ്) ഫലം പ്രഖ്യാപിച്ചപ്പോൾ സംസ്ഥാന തലത്തിൽ നാലു റാങ്കുകളും തലസ്ഥാനത്തിന്. സംസ്ഥാനതലത്തിൽ 99 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനം നേടിയ നന്തൻകോട് ഹോളി ഏഞ്ചൽസിലെ എസ്. മീനാക്ഷി ദേശീയ തലത്തിൽ മൂന്നാം സ്ഥാനവും നേടി. മുക്കോലയ്ക്കൽ സെന്റ് തോമസ് റെസിഡൻഷ്യൽ സ്കൂളിലെ പാർവതി എസ്.ഹരി 98.6 ശതമാനം മാർക്ക് നേടി സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും സെന്റ് തോമസിലെ തന്നെ കാർത്തിക് സി.നാരായണ് 98.4 ശതമാനം മാർക്ക് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എടവക്കോട് ലെ കോളെ ചെന്പക സ്കൂളിലെ മേഘ നിരഞ്ജന നായരും 98.4 ശതമാനം മാർക്ക് നേടി മൂന്നാം സ്ഥാനം പങ്കിട്ടു.
ദേശീയ തലത്തിൽ മൂന്നാം റാങ്ക് നേടിയ ഹോളി ഏഞ്ചൽസിലെ എസ്. മീനാക്ഷി ട്യൂഷനില്ലാതെ തനിയെ പഠിച്ച് നേടിയതാണ് മൂന്നാം റാങ്ക് എന്നത് ഈ നേട്ടത്തിനു പൊൻതിളക്കമേകുന്നു. ആനയറ ഈസ്റ്റ്തോപ്പിൽ സതീഷ് കരുണാകരന്റെയും ദേവീകൃഷ്ണയുടെയും ഏകമകളാണ് മീനാക്ഷി.
എൽകെജി, യുകെജി ക്ലാസ്മുതൽ മീനാക്ഷി പഠിച്ചത് ഹോളി ഏഞ്ചൽസിലാണ്. ചെറുക്ലാസുകൾ മുതൽ പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ അന്നന്നുതന്നെ പഠിക്കുന്നതായിരുന്നു മീനാക്ഷിയുടെ രീതി. ട്യൂഷനില്ലാത്തതിനാൽ വീട്ടിലെത്തിയാൽ പഠിക്കുന്നതിന് ഇഷ്ടം പോലെ സമയം കിട്ടുമെന്ന് മീനാക്ഷി പറയുന്നു. അതിരാവിലെയോ രാത്രി വൈകിയോ ഉള്ള പഠനത്തിലൊന്നും മീനാക്ഷിക്കു താൽപര്യമില്ല. തന്റെ ഈ നേട്ടം സ്കൂളിലെ ഒരോ അധ്യാപകനും അവകാശപ്പെട്ടതാണെന്ന് മീനാക്ഷി പറയുന്നു. അധ്യാപകരോട് എപ്പോൾ വേണമെങ്കിലും എന്ത് കാര്യവും ചോദിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. വീട്ടിൽ എത്തിയാൽ പഠനത്തിനിടെ എന്തെങ്കിലും സംശയമുണ്ടായാൽ ഫോണിലൂടെ പാഠഭാഗങ്ങൾ ചോദിക്കുകയുമാകാം. അധ്യാപകരോടുള്ള നന്ദി പറഞ്ഞറിയിക്കാൻ വയ്യ. വീട്ടിൽ നിന്നോ സ്്കൂളിൽ നിന്നോ യാതൊരു സമ്മർദവും ഇല്ലായിരുന്നത് പഠനത്തിന് ഏറ്റവും സഹായകമായി. പിന്നെ എല്ലാം ദൈവാനുഗ്രഹം. മീനാക്ഷി പറയുന്നു.
അന്നന്നു പഠിപ്പിക്കുന്നത് അന്നന്നുതന്നെ പഠിക്കുക എന്നതല്ലാതെ വിജയത്തിലേക്ക് വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല. സ്കൂൾ തലത്തിൽ നല്ല മാർക്ക് ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. എന്നാൽ ദേശീയ തലത്തിൽ ഒരു സ്ഥാനം ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. പ്ലസ്ടുവിനും ഹോളി ഏഞ്ചൽസിൽ തന്നെ പഠിക്കും. അതിനുശേഷം ഏതെങ്കിലും ഐഐടിയിൽ ചേർന്നു പഠിക്കണം. വലിയ ആഗ്രഹങ്ങളൊന്നും തനിക്കില്ലെന്നും മീനാക്ഷി പറയുന്നു. എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിൽ ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസറാണ് മീനാക്ഷിയുടെ പിതാവ് സതീഷ് കരുണാകരൻ. അമ്മ ദേവീകൃഷ്ണ അഗ്രികൾച്ചർ ഡയറക്ടറേറ്റിൽ ജൂനിയർ സൂപ്രണ്ടായി ജോലി ചെയ്യുന്നു.
ഐസിഎസ്ഇ: നാലു റാങ്കുകൾ തിരുവനന്തപുരം ജില്ലയ്ക്ക്
01:41 AM May 30, 2017 | Deepika.com