കണ്ണൂർ: കശാപ്പ് നിരോധനത്തിൽ പ്രതിഷേധിച്ച് പൊതുസ്ഥലത്ത് കശാപ്പ് നടത്തിയതിന് യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരേ പോലീസ് കേസെടുത്തു. കേന്ദ്രസർക്കാരിന്റെ നിരോധന ഉത്തരവിൽ പ്രതിഷേധിച്ച് ശനിയാഴ്ച വൈകുന്നേരം കണ്ണൂർ സിറ്റിയിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കശാപ്പു നടത്തി മാംസം വിതരണം ചെയ്തത്.
റോഡരികിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷയിലായിരുന്നു കശാപ്പ്. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സി.സി. രതീഷ് നൽകിയ പരാതിപ്രകാരം ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതിയോടെയാണ് കേസെടുത്തത്.
ഒരു വർഷം തടവും 5,000 രൂപ പിഴയും കിട്ടാവുന്ന വകുപ്പ് അനുസരിച്ചാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിജിൽ മാക്കുറ്റി അടക്കമുള്ളവർക്കെതിരേയുള്ള കേസ്. അതിനിടെ, കേസെടുക്കാൻ പോലീസ് വിമുഖത കാണിക്കുന്നുവെന്ന് ആരോപിച്ച് യുവമോർച്ച പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.
പ്രതിഷേധ കശാപ്പ് : യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരേ കേസ്
12:50 AM May 29, 2017 | Deepika.com