തിരുവനന്തപുരം: യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോകപ്പെട്ട മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനു ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കാണുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കോൺഗ്രസ്- എം നേതാവ് കെ.എം. മാണിയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഫാ. ടോമിന്റെ മോചനത്തിനായി കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് നിരവധി തവണ സംസ്ഥാനം കേന്ദ്രത്തെ ബന്ധപ്പെട്ടിട്ടുണ്ട്. ഫാ.ടോമിനെ തടവിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലം ഇതേവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണു കേന്ദ്രത്തിൽനിന്നു ലഭിച്ച വിവരങ്ങൾ. യെമനിലെ ആഭ്യന്തര പ്രശ്നങ്ങൾ അതിരൂക്ഷമായതും മോചന ശ്രമങ്ങൾക്ക് തടസം സൃഷ്ടിക്കുന്നു.
മോചനത്തിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 2016 ഏപ്രിൽ 25, 2017 ഫെബ്രുവരി 27 എന്നീ ദിവസങ്ങളിൽ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടു. കഴിഞ്ഞ മാർച്ച് 14ന് വീണ്ടും പ്രധാനമന്ത്രിക്കു കത്തയച്ചു. കേന്ദ്രസർക്കാർ മുഖേന മാത്രമേ ഇക്കാര്യത്തിൽ ഇടപെടൽ നടത്താൻ സാധിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം: മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണും
01:02 AM May 26, 2017 | Deepika.com