തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി എം.സി. ജോസഫൈനെയും അംഗമായി അഭിഭാഷകയായ എം.എസ്. താരയേയും നിയമിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ഉപാധ്യക്ഷയുമാണ് എം.സി. ജോസഫൈൻ. സിപിഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗമാണ് എം.എസ്. താര.
നിലവിലെ അധ്യക്ഷ കെ.സി. റോസക്കുട്ടി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ജോസഫൈനെ നിയമിച്ചത്. വൈപ്പിൻ മുരുക്കുംപാടം സ്വദേശിനിയാണു ജോസഫൈൻ. അങ്കമാലിയിൽ താമസം. 68 വയസുണ്ട്. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് മലയാളത്തിൽ ബിരുദാനന്തരബിരുദം നേടി. വിശാല കൊച്ചി വികസന അഥോറിറ്റി, സംസ്ഥാന വനിതാ വികസന കോർപറേഷൻ എന്നിവയുടെ അധ്യക്ഷയായിരുന്നു. കരുനാഗപ്പള്ളി എംഎൽഎയും സിപിഐയുടെ മുതിർന്ന നേതാവുമായിരുന്ന ബി.എം. ഷെരീഫിന്റെ മകളാണ് എം.എസ്. താര. ചെയർമാൻ ഉൾപ്പെടെ അഞ്ച് അംഗങ്ങളാണു വനിതാ കമ്മീഷനിൽ ഉള്ളത്. നിലവിൽ പ്രമീളാ ദേവി, ഷിജി ഷിജു, ലിസി ജോസ് എന്നിവരാണു മറ്റംഗങ്ങൾ.
എം.സി. ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ
01:02 AM May 26, 2017 | Deepika.com