തൃശൂർ: കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വർക്കേഴ്സ് ഫെഡറേഷൻ -ഐഎൻടിയുസി സംസ്ഥാന സമ്മേളനം 27, 28 തീയതികളിൽ വെള്ളാനിക്കര കെഎയു സെൻട്രൽ ഓഡിറ്റോറിയത്തിൽ നടത്തും. നാളെ രാവിലെ പത്തിനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ അധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനം മന്ത്രി സി.എൻ. ബാലകൃഷ്ണനും ട്രേഡ് യൂണിയൻ സമ്മേളനം ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനും ഉദ്ഘാടനം ചെയ്യും. കാർഷിക സർവകലാശാലയുടെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ഫാമുകളിലെയും തൊഴിലാളികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നു ഫെഡറേഷൻ പ്രസിഡന്റ് ജോസഫ് പെരുന്പിള്ളി പത്രസമ്മേളനത്തിൽ പറഞ്ഞു.
കാർഷിക സർവകലാശാലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പദ്ധതികൾ തയാറാക്കുകയും അതിനാവശ്യമായ സാന്പത്തിക സഹായം സംസ്ഥാന സർക്കാർ നല്കണമെന്നു നേതാക്കൾ ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാരിന്റെ കാലത്തു തൊഴിലാളികളുടെയും കാർഷിക സർവകലാശാലയുടെയും പുരോഗതിക്കുവേണ്ടി സമരത്തിന് ഇറങ്ങിയ ഇടതു സംഘടനകൾ ഇപ്പോൾ രംഗത്തു വരാത്ത സാഹചര്യമാണെന്നും ജോസഫ് പെരുന്പിള്ളി പറഞ്ഞു.
പത്രസമ്മേളനത്തിൽ എം.എ. യോഹന്നാൻ, ബിജു രാജ്, ബിബിൻ പി. ചാക്കോ എന്നിവരും പങ്കെടുത്തു.
അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഫെഡറേഷൻ സമ്മേളനം നാളെ
12:48 AM May 26, 2017 | Deepika.com