കൊച്ചി: കേരള പ്രിൻസിപ്പൽസ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 48-ാമത് വാർഷിക ഉന്നത വിദ്യാഭ്യാസ സമ്മേളനം നാളെ എറണാകുളം സെന്റ് തെരേസാസ് കോളജിൽ നടക്കും. ഉദ്ഘാടനം രാവിലെ പത്തിന് മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും. പ്രിൻസിപ്പൽസ് കൗണ്‍സിൽ പ്രസിഡന്റ് എം. ഉസ്മാൻ അധ്യക്ഷത വഹിക്കും. കേരള പ്രൈവറ്റ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി റവ. ഡോ. വിൻസെന്റ് നെടുങ്ങാട്ട്, പ്രിൻസിപ്പൽസ് കൗണ്‍സിൽ ജനറൽ സെക്രട്ടറി ടി.എം. ജോസഫ്, ഓർഗനൈസിംഗ് സെക്രട്ടറി സജിമോൾ അഗസ്റ്റിൻ എന്നിവർ പ്രസംഗിക്കും.
ഉന്നത വിദ്യാഭ്യാസത്തിന്റെ മികവുയർത്തുന്നതിനു എയ്ഡഡ് മേഖലയെ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചു നടക്കുന്ന സെമിനാറിൽ എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തും. എപിഐ സ്കോർ സംബന്ധിച്ചു നടക്കുന്ന ചർച്ചയിൽ യു. സെയ്തലവി, ബെന്നി ജേക്കബ് എന്നിവർ വിഷയാവതരണം നടത്തും. എ. ബിജു, റവ. ഡോ. ജിജി തോമസ്, എം.ജെ. മാത്യു എന്നിവർ പങ്കെടുക്കും. എയ്ഡഡ് കോളജുകളിൽ സൗജന്യ സോഫ്റ്റ്വെയർ സങ്കേതികവിദ്യയുടെ സാധ്യതകളെസംബന്ധിച്ച് പഠിക്കാൻ കേരള പ്രിൻസിപ്പൽസ് കൗണ്‍സിൽ നിയോഗിച്ച കമ്മിറ്റിയുടെ പഠന റിപ്പോർട്ട് കണ്‍വീനർ ടി.പി. അബ്ബാസ് യോഗത്തിൽ അവതരിപ്പിക്കും.
സംസ്ഥാനത്തെ എയ്ഡഡ് ഓട്ടോണമസ് കോളജുകളുടെ മികവ് ഉയർത്തുന്നതിനുള്ള പ്രത്യേക ഗ്രൂപ്പ് ചർച്ചയിൽ അതതു സ്ഥാപന മേധാവികൾ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ഇന്ത്യൻ കോളജസ് ഫോറം കേരള ഘടകം ഭാരവാഹികളായ മാത്യു പി. ജോസഫ്, പി. മുഹമ്മദാലി, ഏബ്രഹാം കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിംഗ് ഫ്രെയിം വർക്കിൽ കേരളത്തിൽ നിന്നുള്ള കോളജുകളുടെ പ്രകടനം വിലയിരുത്തും. സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന യാത്രയയപ്പു സമ്മേളനത്തിൽ പി.ഒ. ജെൻസൻ, മോഹനരാജ്, എ.എം. റഷീദ്, സിസ്റ്റർ ഡോ. ജാനറ്റ് ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും. സമാപന യോഗത്തിൽ സിസ്റ്റർ ഡോ. വിനീത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
പ്രിൻസിപ്പൽസ് കൗണ്‍സിൽ ഉന്നതവിദ്യാഭ്യാസ സമ്മേളനം നാളെ കൊച്ചിയിൽ
12:02 AM May 26, 2017 | Deepika.com