കൊച്ചി : ഡേ കെയറുകളില്‍ കുട്ടികള്‍ക്കെതിരേയുള്ള അതിക്രമം തടയാന്‍ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ചൈല്ഡ്ലൈന് അധികൃതര്‍ കളക്ടര്‍ക്കും സംസ്ഥാന ബാലാവകാശ കമ്മീഷനും കത്തയയ്ക്കും. പാലാരിവട്ടത്തു പ്രവര്‍ത്തിക്കുന്ന ഡേ കെയറില്‍ ഒന്നര വയസുകാരനു സ്ഥാപന നടത്തിപ്പുകാരിയുടെ മര്‍ദനം നേരിടേണ്ടിവന്ന സാഹചര്യത്തിലാണു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടൽ. നാളെ ചേരുന്ന ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് ചൈല്‍ഡ് ലൈന്‍ ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ നിരിഷ് ആന്റണി പറഞ്ഞു.
ഡേ കെയറുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ നിലവില്‍ സംവിധാനങ്ങളൊന്നുമില്ല. എവിടെ രജിസ്ട്രേഷന് നടത്തണമെന്നതിനുപോലും വ്യക്തതയില്ലാതെയാണു ഡേ കെയറുകളുടെ പ്രവര്‍ത്തനം. ഇതിന് അറുതിവരുത്തണമെന്നും ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തിലെങ്കിലും മോണിറ്ററിംഗ് കമ്മറ്റിയെ നിയോഗിച്ച് ഡേ കെയറുകളെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടാണു കത്ത് അയയ്ക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
ചൈല്ഡ്ലൈന് അധികൃതര്‍ കളക്ടര്‍ക്കും ബാലാവകാശ കമ്മീഷനും കത്തയയ്ക്കും
12:25 AM May 25, 2017 | Deepika.com