പയ്യന്നൂര്‍: ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് രാമന്തളി കക്കമ്പാറയിലെ ചൂരക്കാട്ട് ബിജുവിന്റെ കൊലപാതക കേസിലെ മുഖ്യപ്രതിയായ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് ട്രഷററും സിപിഎം രാമന്തളി ലോക്കല്‍ കമ്മിറ്റിയംഗവുമായ കുന്നത്തെരുവിലെ ടി.പി. അനൂപാണ്(34) അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി പതിനൊന്നോടെ പയ്യന്നൂര്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാൻഡിൽനിന്നാണ് ഇയാളെ അന്വേഷണ ഉദ്യോഗസ്ഥനായ എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പോലീസിന്റെ പിടിയില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തില്‍ കോയമ്പത്തൂരിലെത്തിയ ഇയാള്‍ അവിടെനിന്നു ബസിലുള്ള മടക്കയാത്രയില്‍ പയ്യന്നൂർ ബസ്സ്റ്റാൻഡിൽ വന്നിറങ്ങുമ്പോഴായിരുന്നു പോലീസിന്റെ പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കക്കമ്പാറയിലെ നടുവിലെ പുരയില്‍ റിനീഷ് (28), പരത്തിക്കാട്ടെ കുണ്ടുവളപ്പില്‍ ജ്യോതിഷ് (26), കുന്നരുവിലെ പാനത്താന് വീട്ടില്‍ സത്യന്(33), കക്കമ്പാറയിലെ വടക്കുമ്പത്ത് ജിതിന്(31) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിനുപയോഗിച്ച ഇന്നോവ കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇതോടെ ബിജു വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. വിദേശത്തേക്കു കടന്നയാളുള്പ്പെടെ രണ്ടുപേർകൂടി ഇനി പിടിയിലാകാനുണ്ട്.
രാമന്തളി ബിജു വധം: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍
12:43 AM May 24, 2017 | Deepika.com