തിരുവനന്തപുരം : ഹൈടെക് മോഷ്ടാവ് ബണ്ടി ചോർ എന്ന ദേവേന്ദർ സിംഗിന് 10 വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. മുട്ടടയിലെ പ്രവാസിമലയാളിയായ വേണുഗോപാലൻ നായരുടെ വീട്ടിൽ നിന്ന് ആഡംബര കാർ ഉൾപ്പെടെ 29 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചതിനാണു ശിക്ഷ.
അർധരാത്രി അതിക്രമിച്ചു കയറി ഭവനഭേദനം നടത്തിയ കുറ്റത്തിനു 10 വർഷം കഠിനതടവും 10,000 രൂപ പിഴയും, മോഷണക്കുറ്റത്തിന് ഏഴു വർഷം കഠിനതടവും 10,000 രൂപ പിഴയും അതിക്രമിച്ചു കയറിയ കുറ്റത്തിനു രണ്ടു വർഷം തടവും ശിക്ഷ വിധിച്ചു. പ്രതി ശിക്ഷകളെല്ലാം ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്. അതിനാൽ ഫലത്തിൽ 10 വർഷം കഠിനതടവ് അനുഭവിച്ചാൽ മതിയാകും.
മുൻ ശിക്ഷയുടെ അടിസ്ഥാനത്തിൽ നിലവിലെ ശിക്ഷാ കാലാവധി ഉയർത്തണമെന്നു പുതിയ വകുപ്പ് ഉൾപ്പെടുത്തി പുതിയ കുറ്റപത്രം ഇന്നലെ പ്രതിയെ വായിച്ചു കേൾപ്പിച്ചു. സമാനമായ കേസുകളിൽ ശിക്ഷ ലഭിച്ചിരുന്നു എന്നു ബണ്ടി കുറ്റസമ്മതവും നടത്തി.
ഹിന്ദി മാത്രമറിയാവുന്ന ബണ്ടിയെ ദ്വിഭാഷിയുടെ സഹായത്തോടെയാണു കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്. ഇയാളെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിച്ച് ജീവപര്യന്തം തടവുശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നെങ്കിലും പത്ത് വർഷം തടവ് മാത്രമേ കോടതി നൽകിയുള്ളു.
2013 ജനുവരി 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. റിമോട്ട് കണ്ട്രോൾ ഗേറ്റ്, ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, നിരീക്ഷണ കാമറകൾ എന്നിവകൊണ്ടു സുരക്ഷാകവചം തീർത്തിരുന്ന വീട്ടിൽനിന്നാണു മിത്സുബിഷി കാറും മുന്തിയ ഇനം മൊബൈലുകളും ലാപ്ടോപും സ്വർണാഭരണങ്ങളും ഉൾപ്പെടെയുള്ളവ ബണ്ടി മോഷ്ടിച്ചത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ കാർ ഉപേക്ഷിച്ച് കടന്നു കളഞ്ഞ ബണ്ടിയെ കേരള പോലീസ് അതിവിദഗ്ധമായാണു പിടികൂടിയത്.
1993-ലാണ് ബണ്ടിചോറിനെ ആദ്യമായി മോഷണക്കുറ്റത്തിനു പോലീസ് പിടികൂടുന്നത്. ഇതേത്തുടർന്ന് ജയിൽവാസം അനുഭവിച്ച് 2008-ൽ പുറത്തിറങ്ങിയ ബണ്ടി പിന്നീട് ഡൽഹിയിൽ ഒരു ഡിറ്റക്ടീവ് ഏജൻസിയിൽ ജോലി നോക്കി. ടിവി അവതാരകനായും വിലസിയിരുന്നു. ബണ്ടിയുടെ കഥയെ ആസ്പദമാക്കി ബോളിവുഡിൽ സിനിമയും ഇറങ്ങി.
നന്തൻകോട്ടെ വിമൽകുമാറിന്റെ കാർ മോഷണം നടത്തിയ കേസിൽ ബണ്ടിയെ നേരത്തെ തിരുവനന്തപുരം ജുഡീഷ്ൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടിരുന്നു.
2016 ഡിസംബർ 16നാണ് കേസിൽ വിചാരണ ആരംഭിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 39 സാക്ഷികളെ വിസ്തരിക്കുകയും 89 തൊണ്ടി സാധനങ്ങളും 69 രേഖകളും തെളിവായി ഹാജരാക്കുകയും ചെയ്തു.
ബണ്ടി ചോറിനു പത്തു വർഷം തടവ്
01:00 AM May 23, 2017 | Deepika.com