നെടുങ്കണ്ടം: മൈലാടുംപാറയ്ക്കു സമീപം കാർ നിയന്ത്രണംവിട്ടു മറിഞ്ഞു യുവാവ് മരിച്ചു. പാറത്തോട് മേട്ടകിൽ പുതുപ്പറന്പിൽ വിപിൻ വർഗീസാണ്(30)മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് അപകടം.
തറവാട്ടിൽനിന്നു പിതാവിനെ സമീപത്തുള്ള എസ്റ്റേറ്റിൽ കൊണ്ടുപോയിവിട്ട് മടങ്ങിവരുന്പോഴാണ് മാരുതി 800 കാർ അപകടത്തിൽപ്പെട്ടത്. മൈലാടുംപാറ പള്ളിക്കു സമീപമുള്ള ചെറിയ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ സുരക്ഷാവേലിയുടെ പോസ്റ്റ് തകർത്ത് ഏലത്തോട്ടത്തിലേക്കു മറിയുകയായിരുന്നു.
ശബ്ദംകേട്ട് എത്തിയ സമീപവാസികളും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേർന്നാണ് യുവാവിനെ വാഹനത്തിൽനിന്നു പുറത്തെടുത്തത്. ഉടൻതന്നെ കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമീപമുള്ള വൻമരത്തിൽ ഇടിച്ചാണു കാർ നിന്നത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു. സംസ്കാരം ഇന്നു മൈലാടുംപാറ വേളാങ്കണ്ണിമാതാ പള്ളിയിൽ. ഭാര്യ: അനു. മകൻ: ഇവാൻ.
പിതാവിനെ എസ്റ്റേറ്റിലെത്തിച്ചു മടങ്ങിയ മകൻ കാർ മറിഞ്ഞു മരിച്ചു
01:42 AM May 22, 2017 | Deepika.com