തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മഴവെള്ള സംഭരണം ഭൂജല പരിപോഷണം പരിപാടി നടത്തിപ്പിന് 2017-18 ലെ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആൻഡ് സാനിട്ടേഷന്‍ ഏജന്‍സിയുടെ മഴകേന്ദ്രം മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗ്രാമപഞ്ചായത്തുകള്‍ മുഖാന്തിരം കുടുംബങ്ങളിലും, സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളിലും മഴവെള്ള സംഭരണികളുടെ നിര്‍മാണം, ഗ്രാമപഞ്ചായത്തുകളില്‍ മാതൃക മഴവെള്ള സംഭരണികളുടെ നിര്‍മാണം, കിണര്‍ റീചാര്‍ജിംഗ്, പൊതുസ്ഥാപനങ്ങളിലെ നിലവിലുള്ള മഴവെള്ളസംഭരണികളുടെ അറ്റകുറ്റപ്പണികള്‍ എന്നിവയാണു നടപ്പിലാക്കുക.
കുടിവെള്ളക്ഷാമമുള്ള ഗ്രാമപഞ്ചായത്തുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും മഴവെള്ളസംഭരണികളുടെ അറ്റകുറ്റപ്പണികള്‍ക്കായും പൊതുസ്ഥാപനങ്ങള്‍ക്കും ആനുകൂല്യത്തിന് അപേക്ഷിക്കാം.
വ്യക്തിഗത മഴവെള്ള സംഭരണികളുടെ നിര്‍മാണം, കിണര്‍ റീചാര്‍ജിംഗ്, മാതൃകമഴവെള്ള സംഭരണിയുടെ നിര്‍മാണം എന്നിവയ്ക്ക് ആനുകൂല്യത്തിനായി ഗ്രാമപഞ്ചായത്തുകള്‍ അപേക്ഷയോടൊപ്പം ഭരണസമിതിയുടെ തീരുമാനംകൂടി സമര്‍പ്പിക്കണം. നിലവിലുള്ള മഴവെള്ള സംഭരണികളുടെ അറ്റകുറ്റപ്പണികള്‍ക്കായി പൊതുസ്ഥാപനങ്ങള്‍ക്കും, മഴവെള്ള സംഭരണി ആവശ്യമുള്ള വിദ്യാലയങ്ങള്‍ക്കും നേരിട്ടും അപേക്ഷിക്കാം.
പതിനായിരം ലിറ്റര്‍ സംഭരണശേഷിയുള്ള മഴവെള്ള സംഭരണികള്‍ ഗുണഭോക്തൃവിഹിതം സമാഹരിച്ച് പങ്കാളിത്താധിഷ്ഠിത മാതൃകയിലാണ് നടപ്പിലാക്കുന്നത്. മലയോര തീരദേശ ഗ്രാമപഞ്ചായത്തുകള്‍ക്ക് മുന്‍ഗണനയുണ്ട്. ഇതിനോടകം സഹായം ലഭിച്ച ഗ്രാമപഞ്ചായത്തുകളും വിദ്യാലയങ്ങളും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ജൂണ്‍ എട്ടിനു വൈകുന്നേരം അഞ്ചിനകം എക്സിക്യൂട്ടീവ് ഡയറക്ടര്‍, കെആര്‍ഡബ്ല്യുഎസ്എ, മഴകേന്ദ്രം, പിടിസി ടവര്‍, മൂന്നാംനില, എസ്.എസ്. കോവില്‍ റോഡ്, തമ്പാനൂര്‍, തിരുവനന്തപുരം-1 വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2320848, 2337003, 9447829049. വെബ്സൈറ്റ്:www.jalanidhi. kerala.gov.in.
ഇനി അധ്യാപകര്‍ക്കും "കളിപ്പാട്ടം'
തിരുവനന്തപുരം: കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകര്‍ക്കു കളിപ്പാട്ടം നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രീ സ്കൂള്‍ വിദ്യഭ്യാസത്തിന്റെ ഏകോപനത്തിനും ശാസ്ത്രീയ പരിപോഷണത്തിനുമാണ് വിദ്യാഭ്യാസ വകുപ്പ് കളിപ്പാട്ടം എന്ന കൈപ്പുസ്തകം തയാറാക്കിയത്. കൂടാതെ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി എട്ടു കൈപ്പുസ്തകങ്ങളും അധ്യാപകര്‍ക്കായി മറ്റ് എട്ടെണ്ണവും തയാറാക്കിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന പുസ്തകങ്ങളുടെ പ്രകാശനം ഇന്നു രാവിലെ 11ന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
മഴവെള്ള സംഭരണം: ഗ്രാമപഞ്ചായത്തുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സാമ്പത്തികസഹായം
01:25 AM May 22, 2017 | Deepika.com