മാവേലിക്കര: പള്ളി സെമിത്തേരിയിൽ സ്ഥാപിച്ചിരുന്ന ക്രൂശിത രൂപത്തിന്റെ കൈകൾ തകർത്ത നിലയിൽ. തഴക്കര കുന്നം സേക്രഡ് ഹാർട്ട് ലത്തീൻ കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ സ്ഥാപിച്ചിരുന്ന രൂപമാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച നിലയിൽ കാണപ്പെട്ടത്.
കുരിശിൽ സ്ഥാപിച്ചിരുന്ന ക്രിസ്തുവിന്റെ രൂപം ഇളക്കി മാറ്റിയ ശേഷം ശരീരം ഒരു കല്ലറയ്ക്കു മുകളിലും അറുത്തുമാറ്റിയ കൈകൾ മറ്റൊരു കല്ലറയ്ക്കു മുകളിലുമായി മാറ്റിവച്ച നിലയിലായിരുന്നു.
ശനിയാഴ്ച കുടുംബകല്ലറയിൽ പ്രാർഥിക്കാനെത്തിയ കുന്നം നെടുന്പാറയിൽ മനുവും കുടുംബവുമാണ് ക്രൂശിതരൂപം കാണാതായ വിവരം ശ്രദ്ധിച്ചത്. തുടർന്നു പള്ളി വികാരി ഫാ. അലോഷ്യസ് എ. ഫെർണാണ്ടസിനെ വിവരമറിയിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് നശിപ്പിക്കപ്പെട്ട നിലയിൽ രൂപം കണ്ടെത്തിയത്. മാവേലിക്കര സിഐ പി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആലപ്പുഴയിൽനിന്നു ഡോഗ് സക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
പള്ളി സെമിത്തേരിയിലെ ക്രൂശിതരൂപം തകർക്കപ്പെട്ട നിലയിൽ
12:52 AM May 22, 2017 | Deepika.com