തിരുവനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 പ്രകാരം തയാറാക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം നാളെ മുതൽ നടക്കും. കൊല്ലം ജില്ലയില്‍ നാളെയും മറ്റു ജില്ലകളില്‍ ജൂണ്‍ ഒന്നിനുമാണു വിതരണം. ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ഏകദേശം എണ്പതു ലക്ഷത്തിലധികം റേഷന്‍ കാര്‍ഡുകള്‍ നാലു വിഭാഗത്തിനായി നാലു നിറങ്ങളിലാണു തയാറാക്കിയിരിക്കുന്നത്. എ.എ.വൈ വിഭാഗത്തിനു മഞ്ഞയും മുന്‍ഗണനാ വിഭാഗത്തിനു പിങ്കും സ്റ്റേറ്റ് സബ്സിഡി വിഭാഗത്തിനു നീലയും പൊതുവിഭാഗം കാര്‍ഡിനു വെള്ള നിറവുമാണ്.
തീയതി അറിയിക്കും
കാര്‍ഡുകള്‍ റേഷന്‍ കടകള്‍ വഴിയോ അടുത്തുള്ള സൗകര്യപ്രദമായ സ്ഥലത്തോ വിതരണം നടത്തും. കാര്‍ഡ് വിതരണം ചെയ്യുന്ന തീയതി, സ്ഥലം, സമയം എന്നിവ മാധ്യമങ്ങളിലൂടെ അതതു ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ കാര്‍ഡുടമകളെ മുന്‍കൂട്ടി അറിയിക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ച് വരെയാണു വിതരണ സമയം.
തിരിച്ചറിയൽ രേഖ വേണം
കാര്‍ഡ് വാങ്ങാൻ കാര്‍ഡുടമയോ കാര്‍ഡുടമ ചുമതലപ്പെടുത്തുന്ന റേഷന്‍ കാര്‍ഡിലെ മറ്റ് അംഗങ്ങളോ തിരിച്ചറിയല്‍ രേഖയുമായി എത്തണം. നിലവിലുള്ള റേഷന്‍ കാര്‍ഡ് കൗണ്ടറില്‍ ഏല്പിച്ച് കാന്‍സല്‍ഡ് സീല്‍ പതിച്ചു തിരികെനല്‍കും. മുന്‍ഗണനാ വിഭാഗം കാര്‍ഡിന് 50 രൂപയും പൊതുവിഭാഗം കാര്‍ഡിന് നൂറ് രൂപയുമാണു വില. പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട മുന്‍ഗണനാ കാര്‍ഡുകള്‍ക്കു സൗജന്യനിരക്കാണ്.
അന്തിമപട്ടിക പ്രകാരം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുകയും എന്നാല്‍, അനര്‍ഹരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തവരുടെ കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റി പൊതുവിഭാഗം എന്ന സീല്‍ പതിച്ചു നല്‍കും. റീറാങ്കിംഗ് നടത്തുമ്പോള്‍ പൊതുവിഭാഗത്തിനു നല്കുന്ന കാര്‍ഡ് അച്ചടിച്ചു നല്‍കുകയും ചെയ്യും.
മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനു ലഭിച്ച അപേക്ഷകളില്‍ അര്‍ഹതയുള്ളവരാണെന്നു കണ്ടെത്തുന്നവരുടെ കാര്‍ഡുകള്‍ നിശ്ചിത പരിധിക്കുള്ളില്‍ റീറാങ്കിംഗ് നടത്തി പട്ടികയില്‍ ഉള്‍പ്പെടുത്തും.
തെറ്റു തിരുത്താം
പുതിയ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിന് ജൂലൈ മുതല്‍ അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ അപേക്ഷ നല്‍കാം. പുതുക്കിയ പട്ടികകള്‍ കൊല്ലം ജില്ലയില്‍ നാളെ മുതലും മറ്റ് ജില്ലകളില്‍ 25 മുതലും എല്ലാ റേഷന്‍ കടകളിലും അതതു താലൂക്ക് സപ്ലൈ ഓഫീസിലും പരിശോധനയ്ക്കു ലഭിക്കും. പുതുക്കിയ പട്ടികപ്രകാരമുള്ള റേഷന്‍ വിഹിതം ജൂണ്‍ ഒന്നുമുതല്‍ ലഭിക്കും. റേഷന്‍ കാര്‍ഡ് പുതുക്കിയിട്ടും സാങ്കേതിക കാരണത്താല്‍ യഥാസമയം ലഭിക്കാത്തവര്‍ക്കും പുതുക്കിയ പട്ടികപ്രകാരം വിഹിതം ലഭിക്കും.
റേഷന്‍ സാധനങ്ങള്‍ ആവശ്യമില്ലാത്തവര്‍ക്കു റേഷന്‍ കാര്‍ഡ് വിതരണംചെയ്യുന്ന കൗണ്ടറില്‍നിന്നു ഫോറം വാങ്ങി ഇക്കാര്യം അപേക്ഷിക്കാമെന്നും സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.
പുതുക്കിയ റേഷന്‍ കാര്‍ഡ് നാളെ മുതൽ
12:16 AM May 21, 2017 | Deepika.com