തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷങ്ങൾ ഇന്നു മുതൽ ജൂണ്‍ അഞ്ചു വരെ വിവിധ പരിപാടികളോടെ സംസ്ഥാനമാകെ സംഘടിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ആഘോഷപരിപാടികളുടെ ഒൗപചാരിക ഉദ്ഘാടനം ഈ മാസം 25ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്നു വൈകുന്നേരം അഞ്ചിന് പത്തനംതിട്ട റാന്നിയിൽ സിവിൽ സ്റ്റേഷൻ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നാളെ കട്ടപ്പനയിൽ മുഖ്യമന്ത്രി പട്ടയവിതരണം നടത്തും. 23ന് വൈകുന്നേരം അഞ്ചിന് കൊല്ലം പുനലൂരിൽ ലൈഫ് മിഷന്റെ ഭാഗമായി നിർമിക്കുന്ന ഫ്ളാറ്റുകളുടെ തറക്കല്ലിടൽ മുഖ്യമന്ത്രി നിർവഹിക്കും.
24ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആർദ്രം പദ്ധതിയുടെ ഭാഗമായി ഒപി നവീകരണ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 27ന് രാവിലെ 11ന് കൊല്ലത്ത് നടക്കുന്ന മത്സ്യോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ പ്രധാന മാധ്യമങ്ങളുടെ പത്രാധിപൻമാരുമായുള്ള മുഖ്യമന്ത്രിയുടെ എഡിറ്റേഴ്സ് മീറ്റ് നടക്കും.
28ന് രാവിലെ 10 ന് തൃശൂരിൽ കായികമന്ത്രി എ.സി. മൊയ്തീൻ ഓപ്പറേഷൻ ഒളിമ്പിയ പദ്ധതി ഉദ്ഘാടനം ചെയ്യും. 29ന് രാവിലെ എട്ടിന് ആറൻമുളയിൽ നടക്കുന്ന വരട്ടാർ പുനരുജ്ജീവന പദ്ധതി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. അന്നു രാവിലെ 10ന് മലപ്പുറം തുഞ്ചൻപറമ്പിൽ സാംസ്കാരിക കൂട്ടായ്മയും ടൂറിസം പദ്ധതി ശിലാസ്ഥാപനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
മേയ് 30ന് വൈകിട്ട് അഞ്ചിന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം ആലുവയിൽ നടക്കും. ജൂണ്‍ രണ്ടിന് രാവിലെ 10ന് കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ ഫിലിം ആർക്കൈവ്സിന്റെ തറക്കല്ലിടൽ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ നിർവഹിക്കും.
ജൂണ്‍ അഞ്ചിന് രാവിലെ 10ന് തിരുവനന്തപുരത്ത് വൃക്ഷത്തൈ നടീൽ ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് കണ്ണൂരിൽ പാഠപുസ്തക വിതരണോദ്ഘാടനം വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. വൈകുന്നേരം ആറിന് കോഴിക്കോട് ബീച്ചിൽ സർക്കാരിന്റെ വാർഷികാഘോഷങ്ങളുടെ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം ഇന്നു മുതൽ
12:55 AM May 20, 2017 | Deepika.com