ആംസ്റ്റർഡാം: പട്ടാളത്തിൽ ജോലി ചെയ്യുന്ന ഇംഗ്ലണ്ട് രാജകുമാരനൊക്കെ വാർത്തകളിൽ ഇടംനേടിയ സ്ഥാനത്തേക്കാണ് നെതർലൻഡ്സ് രാജാവായ വില്യം അലക്സാണ്ടറും കടന്നുവരുന്നത്.
21 വർഷമായി അദ്ദേഹം വിമാനത്തിൽ സഹപൈലറ്റായി സേവനമനുഷ്ഠിക്കുന്നു. മാസത്തിൽ രണ്ടു തവണയാണ് വിമാനത്തിലെ ജോലി. ഇത്രനാളായിട്ടും ഒരു യാത്രക്കാരൻ പോലും കോക് പിറ്റിൽ രാജാവാണുള്ളതെന്ന് അറിഞ്ഞിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. അടുത്തിടെ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് രാജാവ് ഈ രഹസ്യം വെളിപ്പെടുത്തിയത്.
2013ൽ രാജാവായി സ്ഥാനമേറ്റശേഷം ഗസ്റ്റ് പൈലറ്റായായിരുന്നു അദ്ദേഹത്തിന്റെ സേവനം. വൈകാതെതന്നെ രാജാവ് ബോയിംഗ് 737 വിമാനം പറത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഒരു ജോലി എന്നതിലുപരി രാജാവിന് വിമാനംപറത്തൽ ഒരു ഹോബിയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. രാജാവിന്റേതായ ഒൗദ്യോഗിക ജോലികളിൽനിന്നു മാറി വിമാനം പറത്തുന്നത് വളരെ ആശ്വാസമേകുന്നുവെന്ന് വില്യം അലക്സാണ്ടർ പറയുന്നു.
സഹ പൈലറ്റായി ജോലി ചെയ്തിരുന്നതിനാൽ പേരു വെളിപ്പെടുത്തേണ്ടി വന്നിരുന്നില്ല. ഇത് രാജാവാണെന്ന രഹസ്യം പരസ്യമാകാതിരിക്കാൻ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഡച്ച് രാജാവ് വിമാനത്തിന്റെ സഹപൈലറ്റ്
11:59 PM May 18, 2017 | Deepika.com