കൊച്ചി: കൊച്ചിയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരത്തിന്റെ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണ യോഗം 30ന് വൈകിട്ട് നാലിനു നടക്കുമെന്ന് ജിസിഡിഎ ചെയര്മാന് സി.എൻ. മോഹനന്. സംഘാടകസമിതി രൂപീകരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും. കൊച്ചിക്കുവേണ്ടി മാത്രമായി ഒരു ലോഗോ ആലോചിക്കുന്നുണ്ട്. ഇതിനായി മത്സരം നടത്താനാണ് ഉദ്ദേശിക്കുന്നത്. ജൂണ്‍ 10ന് ഔദ്യോഗികമായി ലോഗോ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് വേദിയുടെ അറിയിപ്പ് രണ്ടുവര്‍ഷം മുമ്പ് ലഭിച്ചെങ്കിലും കഴിഞ്ഞ രണ്ടു മാസമാണ് അതിനായി കൊച്ചി ഉണര്ന്നുപ്രവര്ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഫിഫ സംഘത്തില്‍നിന്ന് വലിയ പാഠമാണ് കൊച്ചി പഠിച്ചത്. 21 വര്‍ഷം മുമ്പ് ഒരുക്കിയ സംവിധാനങ്ങളാണ് സ്റ്റേഡിയത്തിലുണ്ടായിരുന്നത്. അതിനു ശേഷം ആധുനീകരണം നടന്നിട്ടില്ല. ഇപ്പോഴാണ് നമ്മള് കണ്ണുതുറന്നത്. മാര്‍ച്ച് 13ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗശേഷം എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. രാവും പകലും ജോലി നടന്നു. തൊഴിലാളികളും കരാറുകാരും ഉദ്യോഗസ്ഥരുമടക്കം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ ഉണ്ടായതെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
സംഘാടക സമിതി രൂപീകരണ യോഗം 30ന്; മുഖ്യമന്ത്രി പങ്കെടുക്കും
11:57 PM May 18, 2017 | Deepika.com