തിരുവനന്തപുരം: കേരളത്തിൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ മെമ്പർഷിപ്പ് കാമ്പെയിനു തുടക്കമായി. കെപിസിസി പ്രസിഡന്റ് എം.എം. ഹസനിൽനിന്നു കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി അംഗത്വം സ്വീകരിച്ചുകൊണ്ടു കോണ്‍ഗ്രസ് അംഗത്വവിതരണത്തിന്റെ ഭാഗമായിട്ടുള്ള ബൂത്തുതല അംഗത്വവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.
തിരുവനന്തപുരം ജില്ലയിലെ ജഗതി വാർഡിലെ 92-ാം നമ്പർ ബൂത്തിലെ എ.കെ. ആന്റണിയുടെ വസതിയായ അഞ്ജനത്തിൽ എം.എം. ഹസൻ നേരിട്ടെത്തിയാണ് എ.കെ. ആന്റണിക്ക് അംഗത്വം നൽകിയത്. ജഗതി വാർഡിലെ താമസക്കാരൻ കൂടിയായ കെപിസിസി പ്രസിഡന്റ് എം.എം. ഹസനു ബൂത്ത് പ്രസിഡന്റ് ശ്യാം അദ്ദേഹത്തിന്റെ വസതിയായ ഹർഷത്തിലെത്തി മെമ്പർഷിപ്പ് നൽകി.
രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകി ഇന്ത്യയെ ഒരു മതേതര രാഷ്ട്രമാക്കി രൂപപ്പെടുത്തുന്നതിനു നേതൃത്വം നൽകിയ മഹത്പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസെന്ന് എം.എം. ഹസൻ പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളായ ജനാധിപത്യവും മതേതരത്വവും ഗുരുതരമായ വെല്ലുവിളികളെ നേരിടുന്ന കാലഘട്ടമാണിത്. മതേതരത്വത്തിന്റെ അടിത്തറ തകർത്ത് വർഗീയ വിദ്വേഷത്തിലൂടെ രാജ്യത്തിന്റെ ഐക്യം തകർക്കാൻ ഭരണതലത്തിലും രാഷ്ട്രീയതലത്തിലും വ്യാപകമായ ശ്രമങ്ങൾ നടക്കുന്നു.
കോണ്‍ഗ്രസ് മുക്തഭാരതമെന്ന മുദ്രാവാക്യം പ്രഖ്യാപിച്ചുകൊണ്ട് അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസിനെ നാമാവശേഷമാക്കാൻ കേന്ദ്രഭരണത്തിനു നേതൃത്വം നൽകുന്ന ബിജെപിയും സംഘപരിവാറും ശ്രമങ്ങൾ നടത്തുന്നു.
കോണ്‍ഗ്രസിനെ തകർക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തു തോൽപ്പിക്കാൻ ഇന്ത്യയിലെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി അണിനിരക്കും. വർഗീയ- ഫാസിസ്റ്റ് ശക്തികളെ ചെറുത്തുതോൽപ്പിക്കാനും എല്ലാ ജനാധിപത്യ മതേതര കക്ഷികൾക്കു നേതൃത്വം നൽകാനുമുള്ള ബാധ്യത ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിൽ നിക്ഷിപ്തമാണ്.
ഇത്തരം ഒരു സാഹചര്യത്തിൽ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും ഉൗർജസ്വലമാക്കാനുമുള്ള പ്രവർത്തനങ്ങൾക്കു പ്രസക്തിയേറിവരുന്ന കാലഘട്ടത്തിലാണു മെമ്പർഷിപ്പ് കാമ്പെയിൻ നടക്കുന്നതെന്നും ശ്രദ്ധേയമാണ്. എല്ലാ ജനാധിപത്യ മതേതരവിശ്വാസികളും ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിൽ അംഗത്വം എടുത്തുകൊണ്ടു മതേതരത്വത്തേയും ജനാധിപത്യത്തേയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിർവഹിക്കാൻ മുന്നോട്ടുവരണമെന്നും എം.എം. ഹസൻ അഭ്യർഥിച്ചു.
ഇന്നു മുതൽ ഈ മാസം 15 വരെയാണ് അംഗത്വവിതരണ കാലാവധി. കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ എംപിമാർ, എംഎൽഎമാർ, മുൻമന്ത്രിമാർ, മുൻ എംപിമാർ, മുൻ എംഎൽഎമാർ തുടങ്ങി എല്ലാ തലത്തിലുമുള്ള കോണ്‍ഗ്രസ് നേതാക്കൾ അവരവരുടെ ബൂത്തുകളിൽ അംഗത്വവിതരണത്തിനു നേതൃത്വം നൽകും.
കെപിസിസി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, ശരത് ചന്ദ്രപ്രസാദ്, സി.ആർ. ജയപ്രകാശ്, എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, എംഎൽഎമാരായ വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പങ്കെടുത്തു.
കോണ്‍ഗ്രസ് ബൂത്തുതല അംഗത്വ വിതരണം ആരംഭിച്ചു
01:11 AM May 01, 2017 | Deepika.com