കോഴിക്കോട്: ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബിജെപിക്കെതിരേ മതേതര ജനാധിപത്യ കൂട്ടായ്മയാണ് ലക്ഷ്യമെന്നും സിപിഐ ദേശീയ നിർവാഹകസമിതി അംഗം ബിനോയ് വിശ്വം. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയതലത്തിൽ ഒരു പ്ലാറ്റ്ഫോം എന്ന രീതിയിലാണ് കോൺഗ്രസുമായി സഹകരിക്കാൻ ഉദ്ദേശിക്കുന്നത്. പൊതുവേദിയും മുന്നണിയും രണ്ടാണെന്ന് സിപിഎം മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ചെറുപാർട്ടികളെ വലവീശാൻ ബിജെപി നീക്കംനടത്തുന്ന സാഹചര്യത്തിൽ ഒരു പൊതു സ്ഥാനാർഥിയെ കൊണ്ടുവരാനുള്ള ശ്രമം അനിവാര്യമാണ്.
കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങൾ മാറാത്ത കാലത്തോളം സിപിഐ കോൺഗ്രസുമായി രാഷ്ട്രീയ സഖ്യത്തിനില്ല. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ആശയം മറന്നുപോകുന്ന കോൺഗ്രസാണിപ്പോഴുള്ളത്. മുൻ മന്ത്രിമാരും കോൺഗ്രസിന്റെ പല നേതാക്കളും ബിജെപിയിലേക്ക് ചേക്കേറുകയാണ്.
പലരുടെയും ഒരു കാൽ കോൺഗ്രസിലും മറ്റേക്കാൽ ബിജെപിയിലുമാണ്. ഇത്തരത്തിലൊരു പാർട്ടിയുമായി രാഷ്ട്രീയ സഖ്യത്തിന് സിപിഐക്ക് താൽപര്യമില്ല. എന്നാൽ കേന്ദ്രത്തിൽ ബിജെപിയെ തടയാൻ വിശാല മതേതര ജനാധിപത്യ ഐക്യമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോണ്‍ഗ്രസുമായി സിപിഐ സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന രീതിയില്‍ ആരോപണം വന്ന സാഹചര്യത്തിലാണ് ബിനോയ് വിശ്വം വിശദീകരണവുമായി രംഗത്തെത്തിയത്.
ജനാധിപത്യ മതേതര കൂട്ടായ്മ ലക്ഷ്യമെന്നു ബിനോയ് വിശ്വം
12:53 AM May 01, 2017 | Deepika.com