കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള സായിഗ്രാമം പോലുള്ള പദ്ധതികൾ മഹത്തരമാണെന്ന് ഗവർണർ ജസ്റ്റീസ് പി. സദാശിവം.
സത്യസായി ഓർഫനേജ് ട്രസ്റ്റ് കാഞ്ഞങ്ങാട് ഇരിയ കാട്ടുമാടത്ത് ഒരുക്കിയ സത്യസായി ഗ്രാമം ടൗണ്ഷിപ്പ് നാടിനു സമർപ്പിച്ച് പ്രസംഗിക്കുകയായിരുന്നു ഗവർണർ. വലിയൊരു ദുരന്തം പേറി ജീവിക്കുന്ന ഒരുകൂട്ടം ആളുകളെ പുനരധിവസിപ്പിക്കാനും മതിയായ ചികിത്സ ലഭ്യമാക്കാനും ട്രസ്റ്റുകൾ ചെയ്യുന്ന സേവനങ്ങൾക്കു പിന്തുണയേകാൻ പരിമിതികൾക്കുള്ളിൽനിന്നു ജനപ്രതിനിധികൾക്കു കഴിയണമെന്നും ഗവർണർ ഓർമിപ്പിച്ചു. എൻഡോസൾഫാൻ പോലുള്ള കീടനാശിനികൾ നമ്മുടെ കൃഷിയിടങ്ങളിൽനിന്നു പൂർണമായും ഉന്മൂലനം ചെയ്യണം.
വൻകിട-ചെറുകിട കർഷകർ ഒരു രോഗങ്ങളുടെയും അടിമകളാകരുതെന്നും സമൂഹത്തോടു പ്രതിബദ്ധതയോടെ കീടനാശിനി പ്രയോഗം നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെയും അവരെ സഹായിക്കുന്നവരെയും കാണുമ്പോൾ തന്റെയും ഹൃദയം അലിയും. തിരുവനന്തപുരം ആർസിസിയിൽ നിസ്വാർഥ സേവനം നടത്തുന്ന എൻജിഒമാർക്ക് ശമ്പളത്തിന്റെ ഒരു വിഹിതം നൽകുമെന്ന ഗവർണർ പ്രഖ്യാപിച്ചു. സായിഗ്രാമത്തിൽ സ്റ്റേറ്റ് ബാങ്കിന്റെ എക്സ്റ്റൻഷൻ കൗണ്ടർ തുറക്കുന്നതിന് താൻ നേരിട്ടു ബാങ്ക് റീജണൽ മാനേജരോട് ശിപാർശ ചെയ്യുമെന്നും ഗവർണർ പറഞ്ഞു.
ചടങ്ങിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. സായി ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും നാടിന്റെ വേദനയകറ്റാൻ ഒപ്പംചേർന്ന പ്രവാസികളുടെ ഇടപെടൽ വിലപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
കെ. കുഞ്ഞിരാമൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്. നായർ, ബിജെപി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരൻ, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, ട്രസ്റ്റ് കോ-ഓർഡിനേറ്റർ കെ. മധുസൂദനൻ, ട്രസ്റ്റി ബോർഡ് അംഗം കെ.സി. ഷിജു എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റ് സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എൻ. ആനന്ദകുമാർ സ്വാഗതവും സീനിയർ വൈസ് ചെയർമാൻ കെ. ഗോപകുമാരൻ നായർ നന്ദിയും പറഞ്ഞു. വീടുകൾക്കു പുറമെ ബഡ്സ് സ്കൂൾ, കുളം, കളിസ്ഥലം, കുടിവെള്ള പദ്ധതി, ആയുഷ് ചികിത്സാ സെന്റർ, കുട്ടികളുടെ പാർക്ക്, ആംഫി തിയറ്റർ, ഓഫീസ് കെട്ടിടങ്ങൾ, സൗരോർജ വിളക്കുകൾ എന്നിവയെല്ലാം സായി ഗ്രാമത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
സേവനപദ്ധതിയിൽ ജനപ്രതിനിധികളും പങ്കാളികളാകണം: ഗവർണർ
12:54 AM Apr 30, 2017 | Deepika.com