പൂച്ചാക്കൽ: വീടിനോടു ചേർന്നുള്ള ശുചിമുറി പൊളിക്കുന്നതിനിടെ മേൽക്കൂരയിലെ കോണ്ക്രീറ്റ് തകർന്നു വീണ് അയൽവാസി മരിച്ചു.പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാർഡ് പുളിയകുളങ്ങര പരേതനായ ശശിധരൻപിള്ളയുടെ മകൻ മനോജ്കുമാറാണ് (മനു-36) മരിച്ചത്. ഇയാളുടെ വീടിനു സമീപത്ത് വല്ലേച്ചിറ രാജേഷിന്റെ വീടിന്റെ ശുചിമുറി പൊളിക്കുന്നതിനിടെ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു അപകടം. ലോറി ഡ്രൈവറായ മനു രാജേഷിനെ സഹായിക്കാനെത്തിയതാണ്.വീടിനും ശുചിമുറിക്കും ഇടയിലുള്ള ഭാഗത്തു നിന്നു മനു ആയുധമുപയോഗിച്ചു ഭിത്തിപൊട്ടിക്കുന്നതിനിടെ ശുചിമുറിയുടെ മേൽക്കൂര അടക്കമുള്ള കോണ്ക്രീറ്റ് ഭാഗങ്ങൾ മനുവിന്റെ ദേഹത്തേക്കു പൊട്ടിവീഴുകയായിരുന്നു. വലിയ കോണ്ക്രീറ്റ് ഭാഗങ്ങൾ മനുവിന്റെ നെഞ്ചിലേക്കു കുത്തനെ വീണു ഭിത്തികൾക്കിടയിൽ ഞെരുങ്ങി. ഈ സമയം രാജേഷ് ഭിത്തിയുടെ പുറത്തു വശത്തായിരുന്നു. വീടിന്റെയും ശുചിമുറിയുടെയും ഭിത്തിക്കിടെ കുടുങ്ങിക്കിടന്ന മനുവിനെ രാജേഷും ഓടിക്കൂടിയ നാട്ടുകാരും ചേർന്നാണു പുറത്തെടുത്തത്.
ഉടൻതന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചേർത്തലയിൽ നിന്നുള്ള അഗ്നിശമനസേനയും സ്ഥലത്തെത്തി. ചേർത്തല താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു 11നു സംസ്കാരം നടത്തും. മനു അവിവാഹിതനാണ്. മാതാവ്: രാജലക്ഷ്മി. സഹോദരങ്ങൾ: ശരത്കുമാർ, വിനോദ്കുമാർ.
കോണ്ക്രീറ്റ് തകർന്നു വീണ് അയൽവാസി മരിച്ചു
12:48 AM Apr 30, 2017 | Deepika.com