തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കാലാവധി ഡിസംബർ 31 വരെ നീട്ടി.
2017 മാർച്ച് 31ന് അഞ്ച് വർഷമോ അതിൽ കൂടുതലോ നികുതി കുടിശികയുള്ള വാഹനങ്ങൾക്കു പദ്ധതിപ്രകാരം നികുതി അടയ്ക്കാം.
ഇതനുസരിച്ച് ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് മാർച്ച് മൂന്ന് വരെയുള്ള അവസാനത്തെ അഞ്ച് വർഷത്തെ നികുതി കുടിശികയുടെ ഇരുപത് ശതമാനവും നോണ്‍ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് മുപ്പത് ശതമാനവും ഒറ്റത്തവണ നികുതിയായി അടച്ചാൽ ഈ വാഹനങ്ങളുടെ മാർച്ച് 31 വരെയുള്ള എല്ലാ നികുതി കുടിശിക എഴുതിത്തള്ളും.
മുന്‍പ് തങ്ങളുടെ കൈവശം ഉണ്ടായിരുന്ന വാഹനം മറ്റാർക്കെങ്കിലും വിറ്റു കഴിഞ്ഞ ശേഷം പേരു മാറ്റാതിരിക്കുകയോ വാഹനം പൊട്ടിപ്പൊളിഞ്ഞു കിടക്കുകയോ വാഹനത്തെ സംബന്ധിച്ചു യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ചെയ്താൽ മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റ് (www.mvdkerala.gov.in) പരിശോധിച്ച് ആ വാഹനത്തിന് അഞ്ചു വർഷത്തിൽ കൂടുതൽ നികുതി കുടിശിക ഉണ്ടെങ്കിൽ ഈ സൗകര്യം ഉപയോഗപ്പെടുത്തി ഭാവിയിലെ റവന്യൂ റിക്കവറി നടപടികൾ ഒഴിവാക്കാം.
വാഹനത്തെ സംബന്ധിച്ചു ഉടമയ്ക്കു യാതൊരു വിവരവും ഇല്ലെങ്കിലോ വാഹനം പൊളിച്ചു കളഞ്ഞെങ്കിലോ നൂറു രൂപ മുദ്രപത്രത്തിൽ സത്യവാങ്മൂലം സമർപ്പിച്ചാൽ നടപടി ഒഴിവാക്കാം.
പൊളിച്ചുകളഞ്ഞ വാഹനത്തിന്റെ നികുതി ഒഴിവാക്കാം
12:22 AM Apr 30, 2017 | Deepika.com