കോട്ടയം: എംജി സർവകലാശാല മേയ് മാസത്തിൽ ആരംഭിക്കുന്ന പിജി പരീക്ഷകൾക്കുള്ള ചോദ്യപേപ്പറുകൾ ഓണ്‍ലൈനായി കോളജുകളിലെത്തിക്കും. ഇതു സംബന്ധിച്ച് കോളജ് പ്രിൻസിപ്പൽമാർക്കും, പരീക്ഷ കേന്ദ്രങ്ങൾക്കും പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പരീക്ഷയ്ക്കുള്ള വിദ്യാർഥികളുടെ രജിസ്ട്രേഷനും, ഫീസും ഒണ്ലൈനായിതന്നെ കോളജ് പ്രിൻസിപ്പൽമാർ സമർപ്പിക്കണം. ഇതിനായി mgu.ac.in എന്ന സർവകലാശാലാ വെബ്സൈറ്റിലെ മഹാത്മാഗാന്ധി സർവകലാശാലാ അഡ്മിഷൻ ആൻഡ് എക്സാമിനേഷൻ മാനേജ്മെന്റ് പോർട്ടലിൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.
രജിസ്ട്രേഷനും ഫീസും ഓരോ പ്രോഗ്രാം (programme wise) തലത്തിലാണ് ഓണ്‍ലൈനായി സമർപ്പിക്കേണ്ടത്. ഇപ്രകാരം രജിസ്ട്രേഷനും ഫീസും വിജയകരമായി ഓണ്‍ലൈനിൽ സമർപ്പിച്ചുകഴിയുന്പോൾ നോമിനൽ റോളും ഹാൾടിക്കറ്റും ഡൗണ്‍ലോഡു ചെയ്തെടുക്കാവുന്നതാണ്. കോളജിലെ റെഗുലർ വിദ്യാർഥികൾക്കു മാത്രമേ ഇപ്പോൾ ഇപ്രകാരം ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. വീണ്ടുമെഴുതുന്ന വിദ്യാർഥികൾ നിലവിലുള്ള നടപടി ക്രമമനുസരിച്ചുതന്നെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യണം. ചോദ്യപേപ്പർ വിതരണം ഓണ്‍ലൈനാക്കുന്ന പരീക്ഷയ്ക്ക് വിദ്യാർഥികൾ 40 മിനിറ്റ് മുന്‍പേ പരീക്ഷാഹാളിൽ ഹാജരാകണം.
എംജി വാഴ്സിറ്റി ചോദ്യപേപ്പർ വിതരണം ഓണ്‍ലൈനാക്കുന്നു
02:40 AM Apr 29, 2017 | Deepika.com