കൊച്ചി: ദീപിക ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ പ്ലസ്ടു പഠനം പൂർത്തിയായവർക്കായി സംഘടിപ്പിക്കുന്ന ബ്രൈറ്റ് പാത്ത് 2017 ദീപിക എഡ്യുക്കേഷണൽ ഫെയർ ആൻഡ് കരിയർ സെമിനാർ ഓണ്‍ ഹയർ സ്റ്റഡീസ് മേയ് മൂന്നിനു കോട്ടയത്തും നാലിനു കൊച്ചിയിലും നടക്കും. പ്രമുഖ കരിയർ ഗുരു ഡോ. പി.ആർ. വെങ്കിട്ടരാമൻ നയിക്കുന്ന സെമിനാറിൽ വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ സംബന്ധിക്കും.
ഉന്നതവിദ്യാഭ്യാസം സംബന്ധിച്ച സമഗ്രമായ വിവരശേഖരണത്തിനും വിദഗ്ധരുമായുള്ള ആശയവിനിമയത്തിനും അവസരമൊരുക്കുന്ന പരിപാടികളാണ് ഇതോടനുബന്ധിച്ചു നടക്കുക. പ്രധാന കരിയർ ട്രെൻഡുകൾ, കരിയർ തെരഞ്ഞെടുക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കരിയർ ആസൂത്രണത്തിനുള്ള ടിപ്പുകൾ, പ്രധാനപ്പെട്ട പ്രഫഷണൽ കോഴ്സുകളും ഇന്റഗ്രേറ്റഡ് കോഴ്സുകൾ സംബന്ധിച്ച വിവരങ്ങളും, പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച വിവരങ്ങൾ, എൻട്രൻസ് പരീക്ഷാ തയാറെടുപ്പുകൾ, എൻജിനിയറിംഗ്, മെഡിക്കൽ വിദ്യാഭ്യാസം സംബന്ധിച്ച സമഗ്രകാഴ്ചപ്പാട് പകരൽ, ജോബ് മാർക്കറ്റ് മൂല്യങ്ങൾ സംബന്ധിച്ച ബോധവത്കരണം തുടങ്ങിയവയ്ക്കായാണു ബ്രൈറ്റ് പാത്ത് 2017 സംഘടിപ്പിക്കുന്നത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ അടക്കമുള്ളവയും ഇതോടനുബന്ധിച്ചു ക്രമീകരിക്കും.
പ്രവേശനം സൗജന്യമായിരിക്കും. കോട്ടയത്തു മേയ് മൂന്നിനു മാമ്മൻമാപ്പിള ഹാളിലും കൊച്ചിയിൽ നാലിനു കലൂരിലെ റെനെ ഇവന്റ് ഹബിലുമാണ് ബ്രൈറ്റ് പാത്ത് പരിപാടി. രാവിലെ 10ന് ആരംഭിക്കുന്ന സെമിനാർ വൈകുന്നേരം അഞ്ചിനു സമാപിക്കും. കൂടുതൽ വിവരങ്ങൾക്കു 9349599111, 9349599070, 0484-3042222, 3043073 എന്നീ നന്പറുകളിൽ ബന്ധപ്പെടണം.
ദീപിക ബ്രൈറ്റ് പാത്ത് 2017 കോട്ടയത്തും കൊച്ചിയിലും
02:34 AM Apr 28, 2017 | Deepika.com