പാലാ: തിരുവനന്തപുരത്തു നടന്ന ആറാമത് കംപ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യ ഇനാപ് (INAPP) ദേശീയ പ്രോജക്ട് അവാർഡ് പാലാ സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജിന്. കംപ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യയും തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻ-അപ്പ് ഇൻഫർമേഷൻ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി ദേശീയ തലത്തിലുള്ള മികച്ച സോഫ്റ്റ്വെയർ പ്രോജക്ട് കണ്ടെത്താനായിരുന്നു മത്സരം.
നാലു ഘട്ടങ്ങളായി നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ആന്ധ്രയിൽനിന്നുള്ള വിദ്യാർഥികളാണ്. രണ്ടാം സ്ഥാനം സെന്റ് ജോസഫ്സിലെ വിദ്യാർഥികൾ സ്വന്തമാക്കി.
ബി ടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗിലെ അവസാന വർഷ വിദ്യാർഥികളായ അവീസ് ജോസഫ്, ജെറിൻ തോമസ്, ഐശ്വര്യ സന്പത്ത്, അഞ്ജലി മാനുവൽ എന്നിവരാണു കംപ്യൂട്ടർ സയൻസ് വിഭാഗം മേധാവി സ്മിത ജേക്കബിന്റെയും അസി. പ്രഫസർ എസ്. സർജുവിന്റെയും നേതൃത്വത്തിൽ 25,000 രൂപയും സർട്ടിഫിക്കറ്റുമടങ്ങുന്ന ഈ തിളക്കമാർന്ന വിജയം നേടിയത്.
‘’കാന്പസ്-ഈവാലറ്റ്’’ എന്നു നാമധേയം ചെയ്തേക്കാവുന്ന ഈ പ്രോജക്ട്, കാന്പസിലെ എല്ലാവിധ പണമിടപാടുകളെയും ആധുനികവത്കരിക്കുന്ന ഡിജിറ്റൽ ഇലക്ട്രോണിക് വാലറ്റ് അപ്ലിക്കേഷനാണ്.
നിലവിലുള്ള കോളജ് തിരിച്ചറിയൽ കാർഡ് തന്നെ ഉപയോഗപ്പെടുത്തി ചെലവു കുറഞ്ഞ രീതിയിലാണ് ഇതു വിഭാവനം ചെയ്തിട്ടുള്ളത്. ഓഫീസ്, കാന്റീൻ തുടങ്ങിയിടങ്ങളിൽ ഉണ്ടാകാവുന്ന തിരക്കൊഴിവാക്കാനും കണക്കിടപാടുകളിലെ പാകപ്പിഴകൾ ഒഴിവാക്കാനും ഇതു സഹായിക്കും. കോളജ് തിരിച്ചറിയൽ കാർഡുപയോഗിച്ചുള്ള പണമിടപാടിനു കൂടുതൽ സുരക്ഷ ഏർപ്പെടുത്തി ഒരു ഉത്പന്നമെന്ന നിലയിൽ പുറത്തിറക്കാനൊരുങ്ങുകയാണ് ഈ വിദ്യാർഥികൾ.
കോളജ് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചു പണമിടപാട്
02:21 AM Apr 28, 2017 | Deepika.com