തിരുവനന്തപുരം: സംസ്ഥാനത്തു വിദ്യാഭ്യാസ വായ്പയെടുത്തു കടക്കെണിയിലായവരെ സഹായിക്കാനായുള്ള വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതി നടപ്പിലാക്കുന്നതിനായി 600 കോടി രൂപ വരെ ചെലവഴിക്കേണ്ടി വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതൊരു കടാശ്വാസ പദ്ധതിയല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. വായ്പാ തിരിച്ചടവ് അവധിക്കുശേഷം ഉള്ള നാലു വർഷ കാലയളവിൽ സർക്കാർ സഹായത്തോടുകൂടിയുള്ള ഒരു തിരിച്ചടവ് സഹായപദ്ധതിയാണ്.
പദ്ധതിയുടെ പ്രസക്തഭാഗങ്ങൾ ചുവടെ:
1. സാമ്പത്തിക സഹായം
(i) നിഷ്ക്രിയ ആസ്തി ആകാത്ത ഒമ്പതു ലക്ഷം രൂപ വരെ വായ്പകൾ അനുവദിച്ചിട്ടുള്ള വിദ്യാഭ്യാസ വായ്പാ അക്കൗണ്ടുകൾ. (01.04.2016ന് മുമ്പ് വായ്പാ തിരിച്ചടവ് തുടങ്ങിയവർക്ക് ഈ തിരിച്ചടവ് സഹായം ലഭിക്കും.) ഒന്നാം വർഷം വായ്പയുടെ 90% ഉം രണ്ടാം വർഷം 75% ഉം മൂന്നാം വർഷം 50% ഉം നാലാം വർഷം 25% ഉം സർക്കാർ വിഹിതമായി നൽകി തിരിച്ചടയ്ക്കാൻ സഹായിക്കും.
(ii)(a) 31.03.2016നോ അതിനു മുമ്പോ നിഷ്ക്രിയ ആസ്തിയായി മാറിയിട്ടുള്ള, നാലുലക്ഷം രൂപ വരെ വായ്പ എടുത്തിട്ടുള്ളവർക്ക് വായ്പാ തുകയുടെ 40% മുൻകൂറായി അടയ്ക്കുകയും വായ്പയിന്മേലുള്ള പലിശ ബാങ്ക് ഇളവുചെയ്തു കൊടുക്കുകയും ചെയ്താൽ 60% സർക്കാർ നൽകി ലോണ്‍ ക്ലോസ് ചെയ്യാൻ സർക്കാർ സഹായിക്കും.
(ii)(b) 31.03.2016നോ അതിനു മുമ്പോ നിഷ്ക്രിയ ആസ്തിയായി മാറിയിട്ടുള്ളതും നാലുലക്ഷത്തിനു മേൽ ഒമ്പതുലക്ഷം രൂപ വരെ അനുവദിച്ചിട്ടുള്ളതുമായ വിദ്യാഭ്യാസ വായ്പകളിൽ ഒരു പ്രത്യേക പാക്കേജായി ലോണ്‍ ക്ലോസ് ചെയ്യാൻ ബാങ്കുകൾ തയാറാകുന്നപക്ഷം മുതലിന്റെ 50% (പരമാവധി 2,40,000 രൂപ) സർക്കാർ സഹായമായി നൽകും. ബാക്കിവരുന്ന തുകയുടെ തിരിച്ചടവ് കാലാവധി ബാങ്ക് പുനഃക്രമീകരിച്ചു നൽകുകയോ വായ്പയെടുത്തയാൾ മുഴുവനായി അടയ്ക്കുകയോ വേണം.
(ബി) വായ്പയുടെ കാലയളവിൽ മരണപ്പെട്ടതോ അപകടം മൂലം ശാരീരികമായോ മാനസികമായോ വൈകല്യം നേരിടുകയോ ചെയ്ത വിദ്യാർഥികളുടെ വായ്പയുടെ മുഴുവൻ പലിശയും ബാങ്ക് ഇളവ് ചെയ്തുകൊടുക്കുന്നപക്ഷം മുഴുവൻ വായ്പാ തുകയും സർക്കാർ നൽകും.
2. റിലീഫ് കാലയളവ്
തിരിച്ചടവ് അവധിക്കുശേഷമുള്ള നാലുവർഷത്തേക്ക് അർഹരായ വിദ്യാർഥികൾക്ക് ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം നൽകും.
3. പ്രാബല്യ തീയതി
ഈ പദ്ധതി 01.04.2016 മുതൽ മുൻകാല പ്രാബല്യത്തിൽ നിലവിൽ വരും.
4. വരുമാന പരിധി
01.04.2016ൽ ആറുലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അംഗവൈകല്യമുള്ള വിദ്യാർഥികൾക്ക് വാർഷിക വരുമാന പരിധി ഒമ്പതുലക്ഷം രൂപയായിരിക്കും.
5. വായ്പാ പരിധി
ഒമ്പതുലക്ഷം രൂപ വരെ അനുവദിച്ചിട്ടുള്ള വായ്പകൾക്ക് ഈ പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായം ലഭിക്കും. റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങൾ നിഷ്ക്രിയ ആസ്തിയായ സെക്വേർഡ് വായ്പാ അക്കൗണ്ടുകൾ (നാലുലക്ഷത്തിനു മുകളിലുള്ള വായ്പകൾ സെക്വേഡ് വായ്പകളായി കണക്കാക്കുന്നു) പുനഃക്രമീകരിക്കാൻ അനുവദിക്കുന്നില്ല. അതിനാൽ, നിഷ്ക്രിയ ആസ്തിയായി മാറിയിട്ടുള്ളതും നാലു മുതൽ ഒമ്പതു വരെ ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതുമായ വിദ്യാഭ്യാസ വായ്പകൾ പലിശ ഇളവ് നൽകിക്കൊണ്ട് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ വായ്പ ക്ലോസ് ചെയ്യാൻ സാധിക്കില്ലെന്ന് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി ( എസ്എൽബിസി ) അറിയിച്ചിട്ടുണ്ട്.
ആയതിനാൽ, ഈ തിരിച്ചടവ് പദ്ധതി നടപ്പിലാക്കിയശേഷം, ബാങ്കുകളുമായി കൂടിയാലോചിച്ച് പ്രത്യേക പാക്കേജ് നാലുലക്ഷത്തിനു മുകളിലുള്ള വായ്പകൾക്കായി തയാറാക്കാൻ നടപടി സ്വീകരിക്കും.
വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതി:600 കോടി രൂപ ചെലവാകുമെന്നു മുഖ്യമന്ത്രി
02:09 AM Apr 28, 2017 | Deepika.com