മൂന്നാർ: മന്ത്രി എം.എം.മണിക്കെതിരായ പൊന്പിള ഒരുമൈ സമരത്തിനു പിൻതുണയുമായി മൂന്നാറിലേക്കു കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെത്തിയെങ്കിലും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം മുഖംതിരിച്ചു നിൽക്കുകയാണ്. പൊന്പിള ഒരുമൈയുടെ സമരമല്ല നടക്കുന്നതെന്നായിരുന്നു കെപിസിസി വൈസ്പ്രസിഡന്റും തൊഴിലാളി നേതാവുമായ എ.കെ. മണി പ്രതികരിച്ചത്.
എന്നാൽ, സമരത്തോടു വിമുഖത കാട്ടുന്നതിനു വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടാൻ അദ്ദേഹം തയാറായില്ല. ആംആദ്മിയുടെ സമരമാണു മൂന്നാറിൽ നടക്കുന്നത്. സമരപ്പന്തലിൽ പൊന്പിള ഒരുമൈയുടെ കൊടിയോടൊപ്പം ആം ആദ്മി പാർട്ടിയുടെ കൊടിയാണ് ഉള്ളതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
സമരത്തിന്റെ പ്രാരംഭവേളയിൽ കോണ്‍ഗ്രസ് നേതാക്കളായ ലതിക സുഭാഷും ബിന്ദു കൃഷ്ണയും എത്തിയതു ചൂണ്ടിക്കാട്ടിയപ്പോൾ അവർ കോണ്‍ഗ്രസിന്റെ തീരുമാനപ്രകാരമല്ല വന്നതെന്നും സ്വന്തം നിലയ്ക്കാണ് എത്തിയതെന്നുമായിരുന്നു എ.കെ. മണി പറഞ്ഞത്. സമരത്തിന്റെ ആദ്യഘട്ടത്തിൽ ബിജെപിയായിരുന്നു പൊന്പിള ഒരുമൈയെ തുണച്ചെത്തിയത്. മൂന്നാറിലെത്തിയ ഉമ്മൻ ചാണ്ടിയോടു പൊന്പിള ഒരുമൈ സമരവേദിയിലേക്കു പോകുന്നത് ഒഴിവാക്കണമെന്നു പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമരപ്പന്തലിലെത്തി സമരനേതാക്കളെ കണ്ടു.
സമരത്തോടു മുഖംതിരിച്ചു യുഡിഎഫ് പ്രാദേശിക നേതൃത്വം
02:41 AM Apr 27, 2017 | Deepika.com