തിരുവനന്തപുരം: ഉദ്യോഗസ്ഥർ നിയമം നടപ്പിലാക്കുമ്പോൾ അവരെ ആർഎസ്എസും ബിജെപിയുമായി മുദ്രകുത്താനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ യുഡിഎഫ് എംഎൽഎമാരും നേതാക്കളും നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീത്വത്തെ അപമാനിച്ച മന്ത്രിയുടെ നടപടി സമൂഹം ഗൗരവതരമായി കാണണം. സ്ത്രീസുരക്ഷ പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാരാണിത്. എന്നിട്ട് ആ സർക്കാരിലെ ഒരു മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങൾ നിരന്തരമായി നടത്തുന്നു. സ്വന്തം പാർട്ടിയിലെ വനിതാ നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ഇക്കാര്യം മനസിലായിട്ടും മുഖ്യമന്ത്രിക്കു മാത്രം ഒന്നും മനസിലായിട്ടില്ല.
സാധാരണ തൊഴിലാളിയായി വളർന്നു മന്ത്രിപദം വരെയെത്തിയ നേതാവാണ് എം.എം. മണി എന്നു പറഞ്ഞ് മന്ത്രിയുടെ തെറ്റിനെ മറച്ചുവയ്ക്കാനാണു പിണറായി ശ്രമിക്കുന്നത്. സാധാരണ തൊഴിലാളി നേതാവ് മന്ത്രിയാകുന്നത് സന്തോഷകരമായ കാര്യമാണ്. പക്ഷേ ഇത്തരം പരാമർശങ്ങൾ പ്രതിഷേധാർഹം തന്നെയാണ്. മണിയെ രക്ഷിക്കാൻ മുഖ്യമന്ത്രി കാണിക്കുന്ന വ്യഗ്രത ഓർത്ത് കേരളം തലകുനിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് സർവകക്ഷിയോഗത്തിന്റെ ആവശ്യമില്ല. നിയമം നടപ്പിലാക്കുന്നതിന് എന്തിനാണ് സർവകക്ഷി സംഘത്തെ കൂട്ടുപിടിക്കുന്നത്. അങ്ങനെയെങ്കിൽ കൊലപാതകം നടന്നാലും അഭിപ്രായം ചോദിച്ച് സർവകക്ഷിയോഗത്തെ വിളിക്കാൻ മുഖ്യമന്ത്രി തയാറാകുമോ? മൂന്നാറിൽ പൊമ്പിള ഒരുമൈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെള്ളിയാഴ്ച്ച പ്രതിപക്ഷ ഉപനേതാവിനൊപ്പം മൂന്നാറിൽപോകുമെന്നും ചെന്നിത്തല അറിയിച്ചു.
ഏകഛത്രാധിപതിയെപ്പോലെ മൂന്നാറിൽ വാഴാനാണ് മണി ശ്രമിക്കുന്നതെങ്കിൽ അത് വിഡ്ഢികളുടെ സ്വപ്നമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ പറഞ്ഞു. എൻ.കെ.പ്രേമചന്ദ്രൻ എംപിയെ പരനാറിയെന്ന് വിളിച്ച പിണറായി വിജയന് പറ്റിയ കൂട്ടാണ് എം.എം. മണിയെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു. മന്ത്രി മണി ഇടുക്കിയുടെ മണിയാശാനല്ല മറിച്ച് തെറിയാശാനാണെന്ന് കെ. മുരളീധരൻ എംഎൽഎ പറഞ്ഞു.
എംഎൽഎമാരുടെയും നേതാക്കളുടെയും ധർണയ്ക്ക് ഐക്യദാർഢ്യം അർപ്പിച്ച് വിവിധ കേന്ദ്രങ്ങളിൽ നിന്ന് യുഡിഎഫ് പ്രവർത്തകരുടെ പ്രകടനങ്ങളും രക്തസാക്ഷി മണ്ഡപത്തിൽ എത്തി.
മണിയെ രക്ഷിക്കാൻ മുഖ്യമന്ത്രി കാണിക്കുന്ന വ്യഗ്രത ഓർത്ത് കേരളം തലകുനിക്കണമെന്നു ചെന്നിത്തല
02:31 AM Apr 27, 2017 | Deepika.com