കോഴഞ്ചേരി: കുടുംബവഴക്കിനിടെ യുവാവ് കൊല്ലപ്പെട്ടു, സഹോദരൻ അറസ്റ്റിൽ. അയിരൂർ-കാഞ്ഞീറ്റുകര തെക്കേ കൂടത്തുമണ്ണിൽ നൈനാൻ വർഗീസിന്റെ മകൻ കെ വി. ഏബ്രഹാമാണ് (ബിജോയി അയിരൂർ -30) മരിച്ചത്. ജ്യേഷ്ഠൻ കെ. വി. വർഗീസ് (ബിജി -33)നെ പോലീസ് കസ്റ്റഡിയിലെടുത്തു. സൗദി അറേബ്യയിലെ റിയാദിലെ സ്വകാര്യകന്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന ഏബ്രഹാം കഴിഞ്ഞമാസമാണ് അവധിക്ക് നാട്ടിലെത്തിയത്. അവധി കഴിഞ്ഞ നാളെ തിരികെ പോകാനിരിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി 12.30നാണ് ജ്യേഷ്ഠൻ കെ. വി. വർഗീസും പിതാവ് നൈനാൻ വർഗീസുമായി വാക്കുതർക്കം നടന്നത്. ഇരുവരെയും ഏബ്രഹാം പിടിച്ചുമാറ്റുകയായിരുന്നു. തുടർന്ന് വർഗീസ് കല്ലുകൊണ്ട് ഏബ്രഹാമിനെ എറിയുകയായിരുന്നു. ഏറിന്റെ ആഘാതത്തിൽ തലയ്ക്കു പിന്നിൽ ഗുരുതരമായി പരിക്കേറ്റ ഏബ്രഹാമിനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അവിവാഹിതനായ ഏബ്രഹാം വിദേശജോലിയോടൊപ്പം സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലും സജീവമായിരുന്നു. അവധിക്കെത്തുന്പോൾ നാട്ടിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏബ്രഹാം പങ്കെടുത്തിരുന്നു. ഓവർസീസ് കോണ്‍ഗ്രസിന്റെ ജില്ലാ ജനറൽ സെക്രട്ടറിയാണ്. സംസ്കാരം ഇന്ന് മൂന്നിന് അയിരൂർ സെഹിയോണ്‍ മാർത്തോമ്മാ പള്ളിയിൽ. പോലീസ് അറസ്റ്റു ചെയ്ത വർഗീസിനെ ഇന്നലെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പിതാവുമായുള്ള സംഘർഷത്തെ തുടർന്നുവീട്ടിൽ നിന്നു പോയ വർഗീസ് അനുജന്റെ മരണമറിയാതെ പുലർച്ചെ വീട്ടിലെത്തിയപ്പോൾ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തടഞ്ഞുവച്ചു കോഴഞ്ചേരി സിഐ ബി. അനിലിനെ അറിയിക്കുകയായിരുന്നു. സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാതാവ്: പരേതയായ ജൈനമ്മ. മറ്റൊരു സഹോദരൻ കെ. വി. നൈനാൻ.
യുവാവ് കൊല്ലപ്പെട്ടു; സഹോദരൻ അറസ്റ്റിൽ
01:52 AM Apr 27, 2017 | Deepika.com